പൊയ്യ-പിലാശ്ശേരി ഭാഗം റോഡ് അപകട മേഖല
text_fieldsകുന്ദമംഗലം: സി.ഡബ്ല്യു.ആർ.ഡി.എം-വരിയട്ട്യാക്ക്-താമരശ്ശേരി റോഡിൽ പൊയ്യ-പിലാശ്ശേരി ഭാഗം സ്ഥിരം അപകട മേഖലയാകുന്നു. കഴിഞ്ഞദിവസം പ്രദേശത്ത് മൂന്ന് അപകടങ്ങളാണ് സംഭവിച്ചത്.
സ്കൂട്ടർ യാത്രികൻ കുന്ദമംഗലം ഭാഗത്തുനിന്ന് പിലാശ്ശേരി ഭാഗത്തേക്ക് പോകുമ്പോൾ റിറ്റ്സ് കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് റോഡരികിലെ ഭിത്തിയിലിടിച്ച് അപകടമുണ്ടായത്. കളരിക്കണ്ടിയിൽ റോഡിന്റെ ഇറക്കത്തിൽ കുന്ദമംഗലം ഭാഗത്തേക്ക് വരുന്ന ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞതാണ് മറ്റൊരപകടം.
കൊട്ടാരം ബസ് സ്റ്റോപ്പിന് സമീപം റോഡരികിലുണ്ടായിരുന്ന കല്ലിൽ ഇടിച്ചാണ് ഓട്ടോ തലകീഴായി മറിഞ്ഞത്. മൂന്നാമത്തെ അപകടം നടക്കുന്നത് രാത്രി 8.30നാണ്. എതിർദിശയിൽ വന്ന രണ്ട് കാറുകൾ ഇടിച്ചശേഷം ഉച്ചക്ക് അപകടം സംഭവിച്ച് റോഡരികിൽ നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു.
കൂട്ട ഇടിയിൽ ഇരു കാറിലുള്ളവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിമാട്കുന്നിൽനിന്ന് അഗ്നിരക്ഷ സേന എത്തി റോഡിലെ ഓയിലും മറ്റും കഴുകി വൃത്തിയാക്കിയാണ് അന്ന് റോഡ് ഗതാഗതയോഗ്യമാക്കിയത്. ആഴ്ചകൾക്കു മുമ്പാണ് പിലാശ്ശേരിയിലെ വളവിൽ അമിത വേഗത്തിൽ വന്ന കാർ വൈദ്യുതിത്തൂണിൽ ഇടിച്ചു തലകീഴായി മറിഞ്ഞത്.
പ്രദേശത്ത് നിരന്തരം അപകടം നടക്കുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. റോഡുപണി കഴിഞ്ഞശേഷം വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കോഴിക്കോട് സിറ്റിയിൽനിന്ന് പനാത്തുതാഴം സി.ഡബ്ല്യു.ആർ.ഡി.എം റോഡ് വഴി വയനാട് ഭാഗത്തേക്ക് എളുപ്പത്തിൽ പോകാൻ ഈ റോഡ് സഹായകരമാണ്.
കാരന്തൂർ, കുന്ദമംഗലം, കൊടുവള്ളി തുടങ്ങിയ അങ്ങാടികളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മിക്കയാളുകളും തിരഞ്ഞെടുക്കുന്നത് ഈ റോഡാണ്. കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മിൽനിന്ന് ആരംഭിച്ച് ദേശീയപാത 766 താമരശ്ശേരിയിൽ അവസാനിക്കുന്ന റോഡാണിത്. സർക്കാർ ജില്ലയിൽ ഉയർന്ന നിലയിൽ പരിഷ്കരിച്ച മൂന്ന് റോഡുകളിൽ ഒന്നാണിത്.
കുറെ ദൂരം നേരെ നീണ്ടുകിടക്കുന്ന റോഡായതിനാൽ വാഹനങ്ങൾ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നതെന്ന് വാർഡ് മെംബർ സജിത ഷാജി പറഞ്ഞു. പ്രദേശത്ത് റോഡിന്റെ ഇരു ഭാഗത്തും സ്പീഡ് ബ്രേക്കറും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.