വാടകക്കെടുത്ത വാഹനങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘം പിടിയിൽ
text_fieldsകുന്നംകുളം: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ല പൊലീസ് മേധാവി ആർ. ആദിത്യയുടെ നിർദേശത്തെത്തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമീഷണർ ടി.എസ്. സിനോജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചിറ്റഞ്ഞൂർ കാവിലക്കാട് കോഴിപ്പറമ്പിൽ വീട്ടിൽ വിപിൻ (32), നടത്തറ ചുളയില്ല പ്ലാക്കൽ വീട്ടിൽ ഷെറിൻ തോമസ് (31), കാണിപ്പയ്യൂർ ചെന്നെങ്ങാട്ടു വീട്ടിൽ അമീർ മുഹമ്മദ് (36), ചൊവ്വന്നൂർ അമ്മാട്ട് വീട്ടിൽ സുരേഷ് (മാമു-44) ,തിരൂർ പഞ്ഞൻ വീട്ടിൽ മാർഷൽ (25) എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചിറളയം സ്വദേശി ഏറത്ത് വീട്ടിൽ ഷനിൽകുമാറിെൻറ പരാതിയിലാണ് അറസ്റ്റ്.
വിപിൻ 15 ദിവസം ഉപയോഗിക്കാനെന്ന് പറഞ്ഞ് ഷാനിൽകുമാറിെൻറ സ്വിഫ്റ്റ് കാർ വാടകക്ക് വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നു വാഹനങ്ങൾ വാടകക്കെടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ വാഹനങ്ങൾ വാടകക്കെടുത്ത് പണം തട്ടിയ സംഭവത്തിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നാംപ്രതി വിപിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബാക്കി പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ പ്രതികൾ വാടകക്കെടുത്ത വാഹനങ്ങൾ പണയപ്പെടുത്തി പണം തട്ടുന്നതിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കുറഞ്ഞ ദിവസത്തിനെന്ന് പറഞ്ഞ് വാഹനങ്ങൾ വാടകക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ പണയം വെക്കും. തുടർന്ന് വാഹന ഉടമ വിളിക്കുമ്പോൾ അടുത്തദിവസം തന്നെ വാഹനങ്ങൾ എത്തിക്കാമെന്ന് പറയുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് പ്രതികൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തിൽ സി.ഐ വി.സി. സൂരജ്, എസ്.ഐമാരായ അനുരാജ്, ഗോപിനാഥൻ, ഷക്കീർ അഹമ്മദ്, സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ റഷീദ്, സുജിത്ത്, മെൽവിൻ, രവികുമാർ, ഷിബിൻ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.