പടനിലം പാലത്തിന് ശാപമോക്ഷം; പുതുക്കിയ ഭരണാനുമതിയായി
text_fieldsകുന്ദമംഗലം: പടനിലം പാലം നിര്‍മാണത്തിനും സ്ഥലമേറ്റെടുക്കുന്നതിനും 7.16 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. പൂനൂര് പുഴക്ക് കുറുകെ പടനിലത്തുള്ള ഇടുങ്ങിയ പാലം ഏറക്കാലമായി ഗതാഗതക്കുരുക്കിന് ഇടയാക്കിവരുകയാണ്. പടനിലം-നരിക്കുനി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും പാലം പുനര്നിര്മിക്കാത്തതുകാരണം ഇരുഭാഗത്തേക്കും കടന്നുപോകുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി പുതിയ പാലം നിര്‍മിക്കണമെന്ന് ഏറെക്കാലമായി പ്രദേശവാസികള്‍ ആവശ്യമുന്നയിച്ചുവരികയായിരുന്നു.
2011ല്‍ പാലത്തിന് ഭൂമി ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയുടെയും 2018ല്‍ പാലം നിര്‍മാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും സ്ഥലമേറ്റെടുക്കുന്നതില്‍ വന്ന കാലതാമസം കാരണം പ്രവൃത്തി ടെൻഡര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പാലം നിര്‍മിക്കുന്നതിന് കുന്ദമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഭൂവുടമകളില്‍ നിന്ന് മുന്‍കൂറായി സ്ഥലം ലഭ്യമാക്കാന്‍ നാട്ടുകാരുടെ കമ്മിറ്റി ശ്രമം നടത്തിയിരുന്നുവെങ്കിലും ചില ഭൂവുടമകള്‍ ആയത് നല്കാന് തയാറാവാത്തതിനെ തുടര്‍ന്നാണ് പാലം പ്രവൃത്തി നേരത്തേ ടെൻഡര്‍ ചെയ്യാന്‍ സാധിക്കാതെ പോയത്.
60 വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുള്ളത്. ആകെ 79 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാത ഉള്‍പ്പെടെ 9.5 മീറ്റര്‍ വീതിയിലാണ് ഉണ്ടാവുക. പടനിലം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മിക്കുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കും.
കോടി രൂപ ചെലവില്‍ വീതികൂട്ടി നവീകരിക്കുന്നതിന് അനുമതിയായ പടനിലം ജങ്ഷന്റെ പ്രവൃത്തികൂടി പാലത്തിനൊപ്പം പൂര്‍ത്തീകരിക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂവുടമകള്‍ക്ക് പണം കൈമാറി പാലവും അപ്രോച്ച് റോഡും നിര്‍മിക്കാനാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനും സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ടെൻഡര്‍ ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.