പഴയ സ്കൂൾ കെട്ടിടം; പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതായി പരാതി
text_fieldsകുന്ദമംഗലം: പടനിലം ജി.എൽ.പി സ്കൂളിന്റെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതായി നാട്ടുകാരുടെ പരാതി. ഹരിത കർമസേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചത്.
പഞ്ചായത്തിന്റെ കീഴിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിക്കുന്ന മെറ്റീരിയൽ കലക്ഷൻ സെന്റർ (എം.സി.എഫ്) ആയാണ് സ്കൂൾ കെട്ടിടം ഉപയോഗിക്കുന്നത്. പടനിലം ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഈ കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഈ കെട്ടിടത്തിലേക്ക് പടനിലം പോസ്റ്റ് ഓഫിസ് മാറ്റുന്നതിനുവേണ്ടി പ്രദേശവാസികൾ ശ്രമിക്കുകയും ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി വാങ്ങുകയും ചെയ്തിരുന്നു. വാടക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടാണ് പോസ്റ്റ് ഓഫിസ് നിലവിൽ ഈ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ സാങ്കേതിക തടസ്സം എന്നാണറിയുന്നത്.
അവിടെയാണ് ഇപ്പോൾ ഹരിത കർമസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന (എം.സി.എഫ്) കേന്ദ്രമായതെന്നാണ് പോസ്റ്റ് ഓഫിസിനുവേണ്ടി ശ്രമിച്ച പ്രദേശവാസികൾ പറയുന്നത്. സ്കൂൾ കെട്ടിടത്തിന്റെ കസ്റ്റോഡിയൻ പ്രധാനാധ്യാപികയാണെന്നും അവരെ അറിയിക്കാതെയാണ് അവിടെ എം.സി.എഫ് ആരംഭിച്ചതെന്നും ഒരു വിഭാഗം ആളുകൾ പറയുന്നു.
എന്നാൽ, സ്കൂൾ പഞ്ചായത്തിന്റെ കീഴിലുള്ളതാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. സ്കൂൾ കെട്ടിടം എം.സി.എഫ് ആയി ഉപയോഗിക്കുന്നത് തന്നോട് പറഞ്ഞിട്ടില്ലെന്ന് പ്രധാനാധ്യാപിക അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളിൽ എം.സി.എഫ് ആരംഭിക്കുന്നതിന് വകുപ്പിനോട് അനുവാദം വാങ്ങിയിട്ടില്ലെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോൾ പറഞ്ഞു.
അതേസമയം, പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിക്കുന്നതിനുവേണ്ടി താൽക്കാലികമായാണ് ഈ കെട്ടിടം ഉപയോഗിക്കുന്നതെന്നും പഞ്ചായത്ത് മറ്റൊരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും കലക്ടറുടെ ഉത്തരവ് കിട്ടിയാൽ അവിടേക്ക് കേന്ദ്രം മാറ്റുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.