വാട്ടർ അതോറിറ്റിയിൽ പരാതി പരിഹാരത്തിന് സോഫ്റ്റ് വെയറുമായി ഷഫീഖ്
text_fieldsകുന്ദമംഗലം: വാട്ടർ അതോറിറ്റിയിൽ പരാതി പരിഹാരത്തിനായി പുതിയ സോഫ്റ്റ് വെയർ കണ്ടെത്തി കുന്ദമംഗലം സ്വദേശി എം.പി. ഷഫീഖ്. ഒറ്റ ക്ലിക്കിൽ കുടിവെള്ള പരാതികൾ രജിസ്റ്റർ ചെയ്യാം. ഗുണഭോക്താവിന്റെ വിവരങ്ങൾ തത്സമയം ലഭ്യമാകുന്നതിനൊപ്പം സമയബന്ധിതമായി പരിഹരിക്കാനുമാവും. പരാതി കൊടുത്തവരുടെ പേരോ, ഫോൺ നമ്പറോ വെച്ചോ പരാതി കണ്ടെത്താനാകും. 'ഹെൽപ് ഡെസ്ക് മാനേജർ' എന്ന സോഫ്റ്റ് വെയർ ആണ് ഷഫീഖ് വാട്ടർ അതോറിറ്റിക്ക് ഏകീകൃത പരാതി പരിഹാര സംവിധാനമായി കണ്ടെത്തിയത്.
2020ൽ കോവിഡ് മഹാമാരിയുടെ അതിപ്രസരമുള്ള സമയത്ത് പരാതികൾ കെട്ടിക്കിടക്കുകയും പരാതിക്കാർക്ക് അവരുടെ പരാതിയുടെ നിലവിലെ സ്റ്റാറ്റസ് പറഞ്ഞു കൊടുക്കാൻ ഒരുപാട് സമയം എടുക്കുകയും ചെയ്യുന്ന സ്ഥിതിയും ജോലിക്കാർ കുറവ് ഉള്ള സമയമായതിനാലും ഇതിനുള്ള പരിഹാരം എന്തെന്ന് ആലോചിക്കുകയും ക്രമേണ സോഫ്റ്റ് വെയർ കണ്ടെത്തുകയുമായിരുന്നു. ഈ സോഫ്റ്റ് വെയർ റവന്യൂ ഓഫിസറുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം സംസ്ഥാന തലത്തിൽ ഇത് വ്യാപിക്കുന്നതിനെ കുറിച്ച് ഉന്നത തലത്തിൽ ചർച്ച നടത്തുകയും ചെയ്തു. 2021ൽ ഈ സോഫ്റ്റ് വെയർ സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാൻ ഉത്തരവിറക്കി. സംസ്ഥാനത്ത് എല്ലായിടത്തും ഇതിന്റെ ട്രെയിനിങ് ഷഫീഖ് തന്നെ നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതുപ്രകാരം കണ്ണൂർ സർക്കിൾ ഒഴിച്ച് എല്ലാ സ്ഥലങ്ങളിലും ഇതുവരെ ഷഫീഖ് ട്രെയിനിങ് നടത്തി.
ജൂൺ 27ന് കണ്ണൂരിൽ ട്രെയിനിങ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വാട്ടർ അതോറിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സർക്കാറിന്റെ ആദരവ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഷഫീഖിന് നൽകിയത്. സ്വന്തം ജോലി ലഘൂകരിക്കുന്നതിന്റെ ഭാഗമായി എക്സൽ പ്രോഗ്രാമിൽ തയാറാക്കിയ സോഫ്റ്റ് വെയറിന് വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരവും ലഭ്യമായതോടെയാണ് സംസ്ഥാന തലത്തിൽ എല്ലാ സബ് ഡിവിഷനൽ ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്നത്. വാട്ടർ അതോറിറ്റി അക്കൗണ്ട്സ് അംഗം വി. രമ സുബ്രഹ്മണിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കമ്പ്യൂട്ടർ പരിജ്ഞാനം ഒന്നും ഇല്ലാത്ത ഷഫീഖ് താല്പര്യം കൊണ്ട് യുട്യൂബും, പുസ്തകങ്ങൾ വായിച്ചുമാണ് സോഫ്റ്റ് വെയർ നിർമിച്ചത്. നേരത്ത ജീവനക്കാരുടെയും വിരമിച്ചവരുടെയും ആദായ നികുതി കണക്കെടുക്കുന്നതിനും ഷഫീഖ് തയാറാക്കിയ സോഫ്റ്റ് വെയർ സംസ്ഥാന തലത്തിൽ ഉപയോഗിച്ചിരുന്നു. കോഴിക്കോട് കുന്ദമംഗലം വരട്ടിയാക്ക് സ്വദേശിയാണ് ഷഫീഖ്. കലൂർ വാട്ടർ വർക്സ് സബ് ഡിവിഷനിൽ റവന്യു ഹെഡ് ക്ലർക്ക് ആയി ജോലിചെയ്യുന്നു. ഭാര്യ എം.കെ. ഷൈമ, മക്കൾ: ഹന ഷഫീഖ്, അനീഖ് മുഹമ്മദ്, അഹ് ലാം ഷഫീഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.