ഈ വിജയത്തിന് വെളിച്ചമേറെ
text_fieldsകുന്ദമംഗലം: നാലാം ക്ലാസിൽ പഠിക്കുമ്പോൾ കാഴ്ച മങ്ങിയ അഭിരാമിക്ക് പിന്നീടുള്ള കാഴ്ചകളെല്ലാം മാതാപിതാക്കൾ പറഞ്ഞുകൊടുക്കുന്നതായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ എഴുതുകയായിരുന്നു ഈ മിടുക്കിയുടെ വലിയ ആഗ്രഹം. അമ്മ റീജ വായിച്ചുകൊടുക്കുന്ന പാഠഭാഗങ്ങൾ അവൾ സൂക്ഷ്മതയോടെ എഴുതും. ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
സാങ്കേതിക തടസ്സങ്ങൾ ഒഴിവായി സഹായിയെ വെച്ച് അവൾ പരീക്ഷയെഴുതി. പരീക്ഷക്കുശേഷം മേയ് അവസാനത്തോടെ ശസ്ത്രക്രിയയിലൂടെ ഒരുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടി. അടുത്ത കണ്ണിന്റെ ശസ്ത്രക്രിയ വെള്ളിയാഴ്ചയാണ്. ഫലം വന്നപ്പോൾ മിന്നുന്ന ജയവും നേടി അഭിരാമി. നാല് എ പ്ലസ്, മൂന്ന് എ, രണ്ട് ബി പ്ലസ്, ഒരു ബി എന്നിങ്ങനെയാണ് വിജയ ഗ്രേഡ്.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാഴ്ച ഇല്ലാതാകുന്നത്. ശാസ്ത്രക്രിയക്ക് വേണ്ട പണം സ്വരൂപിക്കാനുള്ള ശേഷി കുടുംബത്തിന് ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ പുത്തലത്ത് കണ്ണാശുപത്രിയുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ബീച്ച് ആശുപത്രിയിലെ ഡോ. റൂബി സഹായങ്ങൾ നൽകി കൂടെനിന്നു. കുന്ദമംഗലം പന്തീർപാടം നൊച്ചിപ്പൊയിൽ രാജന്റെയും റീജയുടെയും മകളാണ് അഭിരാമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.