കുന്ദമംഗലത്ത് തെരുവുനായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷം
text_fieldsകുന്ദമംഗലം: ഒരിടവേളക്കുശേഷം കുന്ദമംഗലത്ത് തെരുവുനായ് ശല്യം വീണ്ടും രൂക്ഷമായി. വാഹന, കാൽനട യാത്രക്കാർക്ക് ഒരുപോലെ ഭീഷണി സൃഷ്ടിക്കുകയാണിവ. മുക്കം റോഡ് ജങ്ഷനിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുകയും റോഡിൽ നിലയുറപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. ഇരുചക്ര വാഹനയാത്രക്കാർക്കുനേരെ പാഞ്ഞടുക്കുകയും മറ്റ് വാഹനങ്ങളിൽ യാത്രചെയ്യുന്നവർ പുറത്തേക്കിറങ്ങുമ്പോഴും നായ്ക്കൾ ആക്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർക്കുനേരെ തെരുവുനായ് ആക്രമണം ഉണ്ടായി. പലരും മെഡിക്കൽ കോളജിൽനിന്നും മറ്റും പ്രാഥമിക ചികിത്സ തേടി. സ്കൂൾ കുട്ടികൾക്ക് നേരെയാണ് നായ്ക്കളുടെ പരാക്രമം ഏറെയും. സ്കൂൾ വിട്ടുവരുന്ന സമയം മുക്കം റോഡ് ജങ്ഷനിലെ ഫുട്പാത്തിൽ തെരുവുനായ്ക്കൾ കൂട്ടംകൂടി നിൽക്കുകയും കുട്ടികൾക്കുനേരെ കുരച്ചു ചാടുകയും ചെയ്യും. ഇതുമൂലം രക്ഷിതാക്കളും ആശങ്കയിലാണ്.
കഴിഞ്ഞ ദിവസമാണ് കുട്ടിക്കുനേരെ ഒരുദിവസം രണ്ടുതവണ തെരുവുനായുടെ ആക്രമണം ഉണ്ടായത്. സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് വന്നവർക്ക് നേരെയും ആക്രമണമുണ്ടായി. കുന്ദമംഗലം അങ്ങാടിയിലെ മുക്കം റോഡിലാണ് കുട്ടികൾക്കും മുതിർന്നവർക്കും നേരെ ആക്രമണം അധികവും നടന്നത്.
ഈ ഭാഗത്തുനിന്ന് നായ്ക്കൾക്ക് സ്ഥിരമായി ആരോ ഭക്ഷണം നൽകുന്നണ്ടെന്നും അതിനാലാണ് എല്ലാ പ്രദേശത്ത് നിന്നുമുള്ള നായ്ക്കൾ ഇവിടേക്ക് എത്തുന്നതെന്നുമാണ് ഇവിടെയുള്ള കച്ചവടക്കാർ പറയുന്നത്. തിരക്കുള്ള സമയങ്ങളിൽ നായ്ക്കളുടെ കൂട്ടംകൂടി വാഹനങ്ങൾക്കിടയിലൂടെയുള്ള ഓട്ടവും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. തെരുവുനായ്ക്കളുടെ രൂക്ഷമായ ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ അധികൃതരുടെ ഫലപ്രദമായ ഇടപെടൽ അത്യാവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.