ഓണത്തിന് നിറമേകാൻ സുനിൽ വെള്ളനൂരിന്റെ ചെണ്ടുമല്ലിപ്പൂക്കൾ
text_fieldsകുന്ദമംഗലം: ഈ ഓണക്കാലത്ത് പല വീടുകളിലെയും മുറ്റത്ത് ഒരുങ്ങുക സുനിൽ വെള്ളനൂരിന്റെ ചെണ്ടുമല്ലി നിറഞ്ഞ പൂക്കളങ്ങളായിരിക്കും. ഒരേക്കർ സ്ഥലത്താണ് കുന്ദമംഗലം വെള്ളന്നൂരിൽ കരിക്കിനാരി വീട്ടിൽ സുനിൽ വെള്ളനൂർ എന്ന കർഷകൻ പൂകൃഷി ചെയ്തത്. കഴിഞ്ഞദിവസം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ആയിരുന്നു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഓറഞ്ച്, മഞ്ഞ ചെണ്ടുമല്ലിയാണ് വിളവെടുത്തത്.
ഓണത്തെ വരവേൽക്കാൻ പലതരം പച്ചക്കറി കൃഷിയും ഒരുക്കിയിട്ടുണ്ട് സുനിൽ. വെള്ളരി, കോവക്ക, പലതരം കിഴങ്ങുവർഗങ്ങൾ എന്നിവയും ഇദ്ദേഹം കൃഷിചെയ്യുന്നു. ഒരേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്. മഞ്ഞളിൽ പ്രതിഭ മഞ്ഞൾ, കസ്തൂരിമഞ്ഞൾ, കറിമഞ്ഞൾ തുടങ്ങിയ ഇനങ്ങളും വരദ ഇഞ്ചി എന്നിവയും കൃഷിചെയ്യുന്നു. കസ്തൂരിമഞ്ഞൾ ഉണക്കി പൊടിയാക്കിയും ചിപ്സ് ആക്കിയും വിൽക്കുന്നുണ്ട്. ഇദ്ദേഹം കൃഷിചെയ്യുന്ന ചെറിയ ഇനം നാടൻ വെള്ളരി ‘വെള്ളനൂർ വെള്ളരി’ എന്ന ലേബലിൽ സഹജ ഗ്രൂപ് എന്ന കമ്പനി ഇന്ത്യ മുഴുവൻ ബ്രാൻഡ് ചെയ്ത് അതിന്റെ വിത്ത് ഇറക്കുന്നുണ്ട്.
രണ്ടേക്കർ സ്ഥലത്ത് നെൽകൃഷിയും ചെയ്യുന്നുണ്ട് സുനിൽ. സുനിലിന്റേത് ഒരു കർഷക കുടുംബമാണ്. ചെറുപ്പത്തിലേ അച്ഛനോടൊപ്പം കൃഷിയിലേക്ക് ഇറങ്ങിയതാണ് സുനിൽ. ഇപ്പോൾ ഇദ്ദേഹത്തിന്റെയും ജോലിക്കാരുടെയും കൂടെ കുടുംബവും കൃഷിയിൽ സഹായിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മകൾക്ക് കഴിഞ്ഞ വർഷം പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാർഥി കർഷകക്കുള്ള അവാർഡ് കിട്ടിയിരുന്നു. താൻ കൃഷി ചെയ്ത രക്തശാലി അരി നിർധനർക്കും രോഗികൾക്കും സൗജന്യമായി നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോയയിൽ കണ്ടക്ടർ ആണ് സുനിൽ. തന്റെ ജോലിയുടെ ഒഴിവ് സമയങ്ങളിലും അല്ലാത്തപ്പോൾ കുടുംബവും ജോലിക്കാരുമാണ് ഏക്കർ കണക്കിന് സ്ഥലത്തുള്ള വിവിധതരം കൃഷികൾ പരിപാലിക്കുന്നത്. മലപ്പുറം നഗരസഭയിൽ ക്ലർക്കായ പ്രഭശ്രീ ആണ് ഭാര്യ. പ്ലസ് ടുവിന് പഠിക്കുന്ന മകൻ അമർനാഥ്, എട്ടാം ക്ലാസുകാരി ആർജ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.