ആനപ്പാറയിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി
text_fieldsകുന്ദമംഗലം: ഹരിതകർമസേന ശേഖരിക്കുന്ന പാഴ്വസ്തുശേഖരം കുന്നുകൂടിക്കിടക്കുന്ന ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് പാഴ്വസ്തുക്കൾ നീക്കംചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം ‘മാധ്യമം’ ഇതുസംബന്ധിച്ച് വാർത്ത നൽകിയിരുന്നു. വെള്ളിയാഴ്ച ഹരിതകർമ സേനാംഗങ്ങളെത്തി പകുതിയിലധികം പാഴ്വസ്തുക്കൾ റോഡരികിൽനിന്ന് എടുത്തുമാറ്റി. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിൽ എം.സി.എഫ് സൗകര്യമില്ലാത്തതിനാലാണ് പാഴ്വസ്തുക്കൾ റോഡരികിൽ ശേഖരിക്കുന്നത്. പ്രദേശത്തുനിന്ന് എത്രയും വേഗം മാലിന്യം എടുത്തുമാറ്റണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികളും പ്രദേശത്തെ റസിഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടു. കൃത്യമായ പ്ലാനിങ് ഇല്ലാതെ ഹരിതകർമ സേന നടത്തുന്ന പാഴ്വസ്തു ശേഖരം ഒരു സാമൂഹിക പ്രശ്നമാകുന്നുണ്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. സംജിത്ത് പറഞ്ഞു. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ പാഴ്വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നു. പ്രതിഷേധസ്വരങ്ങൾ ഉണ്ടാകുമ്പോൾ താൽക്കാലികമായി ചില നടപടി എടുക്കുകയല്ലാതെ ശാശ്വത പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നും സംജിത്ത് പറഞ്ഞു.
ആളുകൾ വളരെ സുരക്ഷിതമായ രീതിയിൽ വീട്ടിൽ സൂക്ഷിച്ചുവെച്ച പാഴ്വസ്തുക്കൾ ഒരു ഉത്തരവാദിത്തവുമില്ലാതെ പൊതുസ്ഥലത്ത് റോഡരികിൽ നിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം. ബാബുമോൻ പറഞ്ഞു. മാലിന്യ നിർമാർജനത്തിന് ലക്ഷങ്ങൾ ബജറ്റിൽ നീക്കിവെച്ചിട്ടും ഈ ഫണ്ട് പ്രയോജനപ്പെടുത്താതെ ജനത്തെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം ആവശ്യപ്പെട്ടു.
കുടുംബാരോഗ്യത്തിന് സമീപത്തുള്ള മാലിന്യ കൂമ്പാരം എത്രയും വേഗം നീക്കം ചെയ്യണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുൽ ഹമീദ് പറഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണിത്. ഹരിതകർമസേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഗ്രാമപഞ്ചായത്ത് ഒരുക്കണം. മറ്റുള്ളവരെ ബോധവത്കരിക്കാനുള്ള ധാർമിക അവകാശം ആരോഗ്യവകുപ്പിന് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ റസിഡൻസ് പരിധിയിൽ സ്ഥിരമായി നിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്ന് തനിമ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി. അബ്ദുറഹ്മാൻ പറഞ്ഞു. കൂട്ടിയിട്ട ചാക്കുകൾ നായ്ക്കളും മറ്റും പൊട്ടിച്ച് അത് പരിസര പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും കൊണ്ടിടുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. അധികാരികൾ പാഴ്വസ്തുക്കൾ റെസിഡൻസ് പരിധിയിൽനിന്ന് എത്രയും വേഗം മറ്റൊരു സുരക്ഷിത ഇടത്തേക്ക് മാറ്റണമെന്നും സി. അബ്ദുറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.