അറ്റകുറ്റപ്പണിക്കായി റോഡിലെ ടാർ നീക്കി, അപകടം തുടർക്കഥ
text_fieldsകുന്ദമംഗലം: ജൽ ജീവൻ മിഷന്റെ പൈപ്പ് പൊട്ടി റോഡ് തകർന്ന ഭാഗങ്ങൾ നവീകരിക്കാൻ റോഡിന്റെ ചില ഭാഗങ്ങളിലെ ടാർ മുഴുവനായും നീക്കം ചെയ്തത് അപകടങ്ങൾ പതിവാക്കുന്നു. ഞായറാഴ്ച രാത്രിയിൽ പിലാശ്ശേരി റോഡിൽ രണ്ട് ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണു. ഒരാൾക്ക് ഗുരുതര പരിക്കും മറ്റുള്ളവർക്ക് നിസാര പരിക്കും പറ്റി.
സി.ഡബ്ല്യു.ആർ.ഡി.എം -വരിയട്ട്യാക്ക് -താമരശ്ശേരി റോഡിൽ വരിയട്ട്യാക്കിന്റെയും ചാത്തൻകാവിന്റെയും ഇടക്ക് രണ്ടിടങ്ങളിലും താഴെ വരിയട്ട്യാക്ക് -കളരിക്കണ്ടി ഭാഗത്ത് മൂന്നിടങ്ങളിലുമാണ് റോഡിലെ ടാർ മുഴുവൻ നീക്കം ചെയ്തത്. കഴിഞ്ഞ പത്തു ദിവസമായി ടാർ നീക്കം ചെയ്തിട്ട് എന്ന് നാട്ടുകാർ പറഞ്ഞു.
എന്നാൽ, ഇവിടങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതിനാൽ നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നു. റോഡിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് ടാർ നീക്കം ചെയ്ത കട്ടിങ്ങിൽ വീണാണ് അപകടം സംഭവിക്കുന്നത്. വെള്ളിയാഴ്ച രാത്രി ചാത്തൻകാവ് ഭാഗത്ത് ഇരുചക്ര വാഹനം ടാർ നീക്കം ചെയ്ത കുഴിയിൽവീണ് രണ്ടുപേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പിതാവും മകനും ഇതേ കുഴിയിൽ വീണ് അപകടത്തിൽപെട്ടു. മുൻ ദിവസങ്ങളിലായി നിരവധി അപകടങ്ങൾ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്. കാർ അടക്കം മറ്റു വാഹനങ്ങളും കുഴിയിൽ വീണെങ്കിലും വലിയ അപകടം സംഭവിച്ചിട്ടില്ല.
രാത്രിയിൽ ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതിനാലും ഇരുട്ടായതിനാലും റോഡിലെ ടാർ നീക്കിയ ഭാഗം കാണാതെ അതിൽ വന്നു വീഴുകയാണ്. ചിലർ ഈ കുഴി പെട്ടെന്ന് കാണുമ്പോൾ വെട്ടിക്കുകയും അപകടത്തിൽപെടുകയും ചെയ്യുന്നു.
നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു
സി.ഡബ്ല്യു.ആർ.ഡി.എം -വരിയട്ട്യാക്ക് -താമരശ്ശേരി റോഡിൽ ജൽ ജീവൻ മിഷന്റെ പൈപ്പ് പൊട്ടി റോഡ് തകർന്ന ഭാഗങ്ങൾ നവീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഇത്രയും ദിവസമായിട്ടും അധികൃതർ റോഡ് നന്നാക്കാത്തതിൽ നാട്ടുകാർ രോഷാകുലരാണ്.
ശനിയാഴ്ച രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ, ടാർ നീക്കം ചെയ്ത ഭാഗങ്ങളിൽ വാഴനട്ട് പ്രതിഷേധിച്ചു. അധികൃതർ എത്രയും വേഗത്തിൽ റോഡ് അറ്റകുറ്റപ്പണി പൂർത്തീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധം വരെയുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. എം.പി. അശോകൻ, ജിജിത്ത് പൈങ്ങോട്ടുപുറം, അബ്ദുൽ ജബ്ബാർ, അഷ്റഫ് ജുബൈൽ, ടി. ഷനോജ്, സഫറുല്ല, പി.പി. റൈജു, പി.പി. യൂസഫ്, ടി.കെ. അബ്ദുറസാക്ക്, ബി.കെ. രാധാകൃഷ്ണൻ.
പി. അഭിലാഷ്, എൻ.പി. ഷംസീൻ, പി. അശോകൻ എന്നിവർ നേതൃത്വം നൽകി.അധികൃതരെ പലതവണ ബന്ധപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് വാർഡ് മെംബർ സി.എം. ബൈജു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഏഴിലേറെ അപകടങ്ങൾ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്.
അതേസമയം, ജൽ ജീവൻ പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ റോഡ് നന്നാക്കാനാണ് ചില ഭാഗങ്ങളിൽ റോഡ് കട്ട് ചെയ്തതെന്നും റോഡ് നിർമിച്ച ബാബ് കൺസ്ട്രക്ഷനോട് വേഗത്തിൽ പണി പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു. മഴയായതിനാലാണ് പണി വൈകിയതെന്നും അധികൃതർ പറഞ്ഞു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.