എൻ.ഐ.ടി കാമ്പസ് മുറ്റത്ത് പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും അവരെത്തി
text_fieldsചാത്തമംഗലം: പതിറ്റാണ്ടുകൾക്കുമുമ്പ് ഒന്നിച്ചുപഠിച്ചവരും പാഠങ്ങൾ പകർന്നുനൽകിയവരും വീണ്ടും ഒത്തുചേർന്നപ്പോൾ അത് അപൂർവ സംഗമമായി. കോഴിക്കോട് എൻ.ഐ.ടിയിലെ (പഴയ ആർ.ഇ.സി) പ്രഥമ ബാച്ചിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഓർമകളുമായി സംഗമിച്ചത്. വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായായിരുന്നു സംഗമം. ആദ്യ ബാച്ചിലെ 11 വിദ്യാർഥികളും ഏഴ് അധ്യാപകരും ഏഴ് ജീവനക്കാരുമാണ് കുടുംബാംഗങ്ങളോടൊപ്പമെത്തിയത്. ആദ്യ ബാച്ചിൽ 120 വിദ്യാർഥികളാണുണ്ടായിരുന്നത്. ഇതിൽ 30ഓളം പേർ ഇന്ന് ജീവിച്ചിരിപ്പില്ല. ബാക്കിയുള്ളവരിൽ അധികംപേരും രാജ്യത്തിന്റെ പലഭാഗത്തും വിദേശത്തുമാണ്.
1961 സെപ്റ്റംബർ ഒന്നിന് അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ഇന്ത്യയിലെ ഒമ്പതാമത്തെ റീജനൽ എൻജിനീയറിങ് കോളജായ കോഴിക്കോട് ആർ.ഇ.സി ഉദ്ഘാടനം ചെയ്തത്. 10 അധ്യാപകരുമായി വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിലാണ് ക്ലാസ് ആരംഭിച്ചത്. അഞ്ച് വർഷം നീളുന്ന ബിരുദ കോഴ്സായിരുന്നു തുടക്കത്തിൽ. രണ്ടു വർഷത്തിനു ശേഷം ചാത്തമംഗലത്തെ കാമ്പസിലേക്ക് മാറി. 2002ലാണ് ആർ.ഇ.സിയെ എൻ.ഐ.ടിയാക്കുന്നത്.
എൻ.ഐ.ടി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡയറക്ടർക്കൊപ്പം ഉച്ചഭക്ഷണത്തിന് ശേഷം കാമ്പസ് ടൂറും നടത്തി. തുടർന്ന് ആർ.ഇ.സി/എൻ.ഐ.ടി.സിയിലെ പരേതരായ എല്ലാ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും സ്മരണാർഥം സ്മൃതി വനത്തിൽ വൃക്ഷത്തൈകൾ നട്ടു. വൈകീട്ട് ഡയറക്ടർ, ഡീൻമാർ, രജിസ്ട്രാർ, വിവിധ ഡിപ്പാർട്മെന്റ് തലവന്മാർ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരോടൊപ്പം ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് 1961ലെ അധ്യാപകരെയും ജീവനക്കാരെയും വിദ്യാർഥികളെയും മാലയും ഷാളും പഴക്കൂടയും വജ്രജൂബിലി മെമന്റോയും നൽകി ആദരിച്ചു.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്പാർട്മെന്റിലെ ആദ്യത്തെ ഫാക്കൽറ്റി അംഗങ്ങളിലൊരാളായ ഡോ. ഭരതൻ, ആദ്യ ബാച്ചിലെ ശിവരാമകൃഷ്ണൻ നായർ, നിറ്റ്കാ മുൻ സെക്രട്ടറി നിത്യാനന്ദ്, അസി. പ്രഫ. ഡോ. കെ.ജെ. ധനരാജ്, ഡീൻ ഡോ. ജീവമ്മ ജേക്കബ് എന്നിവർ സംസാരിച്ചു. എൻ.ഐ.ടി.യിൽനിന്ന് ബിരുദം നേടിയ ബി.ടെക് വിദ്യാർഥികൾക്കിടയിലെ മികച്ച ഓൾറൗണ്ട് പെർഫോമർക്കുള്ള എവർ റോളിങ് ട്രോഫി ആദ്യ ബാച്ചിലെ പൂർവ വിദ്യാർഥികൾ ഡയറക്ടർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.