യാത്രക്കാരുടെ പോക്കറ്റടിച്ച രണ്ടുപേരെ പിടികൂടി
text_fieldsകുന്ദമംഗലം: നിരവധി പേരുടെ പണം പോക്കറ്റടിച്ച രണ്ടുപേരെ കുന്ദമംഗലം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത ഒരാളുടെ 14500 രൂപ കാണാതായതിനെ തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുന്ദമംഗലം പൊലീസ് പ്രതികളെ പിടികൂടിയത്.
താമരശ്ശേരി അമ്പായത്തോട് അറയിൽ ഷമീർ (45), കൽപ്പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കൽ യൂനിസ് (49) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇവർ പോക്കറ്റടിച്ച് ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കോഴിക്കോട്, താമരശ്ശേരി, കൊടുവള്ളി, വയനാട് ഭാഗങ്ങളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. മോഷണ മുതലുകളുപയോഗിച്ച് വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും അടക്കം പ്രതികൾ വാങ്ങിയതായി പൊലീസ് അറിയിച്ചു. തിരക്കുപിടിച്ച സ്ഥലങ്ങളും വാഹനങ്ങളും ഉത്സവ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തുന്നത്. ആരെയും ആകർഷിക്കുന്ന വിധത്തിലുള്ള ബാഗ് ഏതുസമയത്തും ഇരുവരുടെയും കൈവശമുണ്ടാകും.
തിരക്കുള്ള സ്ഥലങ്ങളിൽ മോഷണം നടത്തുമ്പോൾ ഈ ബാഗ് ഉപയോഗിച്ച് മറച്ചുപിടിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കുന്ദമംഗലം പ്രിൻസിപ്പൽ എസ്.ഐ സി. സനീത്, എസ്.ഐമാരായ വി.കെ. സുരേഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.