എഴുത്തിനും വായനക്കും മാധുര്യംപകർന്ന് കെ.ജെ. പോൾ
text_fieldsകുന്ദമംഗലം: ‘കുഞ്ഞെഴുത്തിന്റെ മധുരം’ എന്ന കൈയെഴുത്ത് മാസിക നിർമാണത്തിന് കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോളിന് അംഗീകാരം. കുന്ദമംഗലം ഉപജില്ലയിലെ വിദ്യാർഥികൾ രചിച്ച നിരവധി കുഞ്ഞുമാസികകൾ ക്രോഡീകരിച്ച് അദ്ദേഹത്തിന് കീഴിൽ നിർമിച്ചതാണ് ‘കുഞ്ഞെഴുത്തിന്റെ മധുരം’. പദ്ധതിക്ക് അറേബ്യൻ വേൾഡ് റെക്കോഡ് അംഗീകാരപത്രമാണ് കെ.ജെ. പോളിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അംഗീകാരപത്രം കൈമാറി.
എഴുത്തിനും വായനക്കും മുഖ്യപരിഗണന നൽകി വിദ്യാഭ്യാസ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുകയും വിദ്യാർഥികളുടെ അഭിരുചികൾക്കനുസരിച്ച് പുതിയ സാധ്യതകൾ തേടുകയും ചെയ്യുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസറാണ് കെ.ജെ. പോൾ. 1994ൽ ഗണിതശാസ്ത്ര അധ്യാപകനായി സെന്റ്. ജോസഫ് എച്ച്.എസ് തലശ്ശേരിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
പാഠഭാഗങ്ങളെ അധികരിച്ച് ഗണിതവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ തയാറാക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ഓൾ ഇന്ത്യ റേഡിയോയിൽ വിദ്യാഭ്യാസ പരിപാടികളിൽ അവതാരകനായും പ്രവർത്തിച്ചു. ഗണിത ശാസ്ത്ര കൈയെഴുത്ത് മാഗസിൻ തയാറാക്കി.
പുതുതലമുറ വായനയിൽ അൽപം പിറകിലാണെന്ന് പൊതുവേ വിലയിരുത്തലുണ്ടെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചുതുടങ്ങിയെന്നത് ഭാവിയിലെ വായനക്ക് പ്രതീക്ഷ പകരുന്നതാണെന്നും മാർഗം ഏതായാലും വായന മരിക്കുന്നില്ലെന്നത് വലിയ പ്രത്യാശയാണെന്നും കെ.ജെ. പോൾ പറയുന്നു.
2015ൽ ഓപൺ സ്കൂളിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പുസ്തക രചയിതാവായിരുന്ന കെ.ജെ. പോൾ സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ഓപൺ സ്കൂൾ അധ്യാപകർക്കും പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. 2019ൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസറായി ചുമതലയേറ്റു.
കുന്ദമംഗലം ഉപജില്ലയിൽ കോവിഡ് കാലത്ത് എല്ലാ സ്കൂളിനെയും പങ്കെടുപ്പിച്ച് സ്വന്തമായി കവിത തയാറാക്കി കുട്ടികളെക്കൊണ്ടുതന്നെ ചൊല്ലിച്ച് ‘തുമ്പപ്പൂക്കൾ’ എന്ന പേരിൽ പുസ്തകം പുറത്തിറക്കി. ഇതടക്കം വിദ്യാർഥികളിൽ വായനശീലം വർധിപ്പിക്കാനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാനും വ്യത്യസ്ത പദ്ധതികളാണ് അദ്ദേഹം ഉപജില്ലയിൽ നടപ്പാക്കുന്നത്.
2005ൽ ഗണിത ശാസ്ത്ര പരിഷത്തിൽനിന്ന് മികച്ച ഗണിതശാസ്ത്ര അധ്യാപകനുള്ള അവാർഡ് ലഭിച്ചിരുന്നു. 2017ൽ സംസ്ഥാന അധ്യാപക അവാർഡ്, ആചാര്യ അവാർഡ് എന്നിവ ലഭിച്ചു. 2018ൽ റോട്ടറി ക്ലബിന്റെ അപ്രീസിയേഷൻ അവാർഡും ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡും ലഭിച്ചു. ഇദ്ദേഹത്തിന്റെ ആശയത്തിൽനിന്നുദിച്ചതാണ് ‘കുഞ്ഞെഴുത്തിന്റെ മധുരം’ എന്ന കൈയെഴുത്ത് മാസിക.
ഉപജില്ലയിലെ 41ഓളം വരുന്ന വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടികളുടെ കൈയെഴുത്ത് പ്രോത്സാഹിപ്പിക്കാനും വായനശീലം വർധിപ്പിക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് കെ.ജെ. പോൾ പറയുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ 3500ഓളം കുട്ടികളുടെ മാസികകൾ ഇതിനകം ‘കുഞ്ഞെഴുത്തിന്റെ മധുര’ത്തിന്റെ ഭാഗമായിട്ടുണ്ട്. സീന പോളാണ് കെ.ജെ. പോളിന്റെ ഭാര്യ. മക്കൾ: അബിൻ പോൾ, അജയ് പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.