മാട്രിമോണിയുടെ പേരിൽ തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ
text_fieldsകുന്ദമംഗലം: മാട്രിമോണിയുടെ പേരിൽ തട്ടിപ്പുനടത്തിയ യുവാവ് പിടിയിലായി. മൂവാറ്റുപുഴ മുളാവൂർ പറത്താഴത്ത് ഉമേഷ് മോഹനെയാണ് (22) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും മാസങ്ങളായി കുന്ദമംഗലത്ത് ഈഴവ മാട്രിമോണി എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു ഇയാൾ. മറ്റ് പ്രമുഖ മാട്രിമോണികളിൽനിന്ന് യുവതികളുടെ ഫോട്ടോകൾ ശേഖരിച്ച് വിവാഹതാൽപര്യവുമായി വരുന്നവരെ കാണിച്ച് പണം കൈപ്പറ്റിയാണ് കബളിപ്പിച്ചത്.
3000 മുതൽ 3500 രൂപവരെയാണ് പലരിൽനിന്ന് അഡ്വാൻസായി വാങ്ങിയത്. പല ആവശ്യങ്ങൾ കാണിച്ച് വീണ്ടും പണം വാങ്ങും. പണം ലഭിച്ചുകഴിഞ്ഞാൽ അവരുടെ ഫോൺ വിളി എടുക്കാതെ നമ്പർ ബ്ലോക്ക് ചെയ്യും. യുവാക്കളും മധ്യവയസ്കരുമാണ് ഏറെയും ഇയാളുടെ കെണിയിൽ പെട്ടത്.
യുവതികളുടെ ഫോട്ടോ കാണിച്ച് ഒരു ഡിമാൻഡും ഇല്ലാത്തവരും ബന്ധുക്കൾ ഇല്ലാത്തവരും ആണെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കരിൽനിന്ന് പണം കൈപ്പറ്റും. പലരും മാനഹാനി ഭയന്ന് പരാതി നൽകിയിരുന്നില്ല. പല സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഓരോ ഇടങ്ങളിൽ ഭൂരിപക്ഷം സമുദായങ്ങളെ നോക്കിയാണ് മാട്രിമോണി നടത്തിയത്. പലയിടങ്ങളിലും പല പേരുകളിലാണ് പരിചയപ്പെടുത്തിയത്. മൂവാറ്റുപുഴ പൊലീസിൽ മാട്രിമോണി തട്ടിപ്പിന്റെ പേരിൽ ഇയാൾക്കെതിരെ നാല് കേസുണ്ടെന്നും ജാമ്യത്തിലിറങ്ങിയതാണെന്നും എസ്.എച്ച്.ഒ എസ്. ശ്രീകുമാർ പറഞ്ഞു.
കുന്ദമംഗലത്തെ സ്ഥാപനത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ പിടികൂടുന്നതിന് എസ്.ഐമാരായ വി.കെ. സുരേഷ്, അഷ്റഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ഷാജു, പി.ജി. പ്രദീപ്, ജംഷീർ, സി.പി.ഒ പ്രസീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.