കുറുവ സംഘത്തെ വീടുകളിലെത്തിച്ച് തെളിവെടുത്തു; ഭീതിയുടെ നിമിഷങ്ങൾ ഓർത്തെടുത്ത് വിജയലക്ഷ്മി
text_fieldsഎലത്തൂർ: പൊലീസ് സംഘം മോഷ്ടാക്കളുമായി വീടിെൻറ മുന്നിൽ എത്തിയപ്പോൾ ചെട്ടികുളം കൊളായിൽ 'ചന്ദ്രകാന്ത'ത്തിൽ വിജയലക്ഷ്മിയുടെ മനസ്സിൽ നടുക്കം. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് അർധരാത്രി വീടിനകത്തു കടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയും മുഖത്തടിച്ചും ആഭരണവും പണവും കവർന്ന മോഷ്ടാക്കളെ ഒരിക്കൽകൂടി മുന്നിൽ കണ്ടപ്പോൾ മരണത്തെ മുഖാമുഖം നേരിട്ട നിമിഷങ്ങൾ അവരുടെ മനസ്സിൽ മിന്നിമറഞ്ഞു. കണ്ടമാത്രയിൽ തന്നെ ഇവർ മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാറിന് ചൂണ്ടിക്കാണിച്ചുകൊടുത്തു: 'സാർ, ഇവനാണ് അടിച്ചത്. ഇവനാണ് വാതിൽക്കൽ നിന്നത്. ഞാൻ ലൈറ്റിട്ടപ്പോൾ മുതൽ ഇവരെ രണ്ടാളെയും കണ്ടതാണ്. കുറെ നേരമാണ് എന്നെ അനക്കമില്ലാണ്ട് നിർത്തിയത്.'' തുടർന്ന് ജീവനുവേണ്ടി ശ്വാസമടക്കി നിന്ന് അനുഭവിച്ചതും മോഷ്ടാക്കളുടെ കൃത്യങ്ങളും വിജയലക്ഷ്മി വിവരിച്ചുനൽകി.
ഞായറാഴ്ച വൈകീട്ട് നാലരമണിയോടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവാ സംഘത്തിൽ ഉൾപ്പെട്ട തമിഴ്നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട് -50) തഞ്ചാവൂർ ബുധല്ലൂർ അഖിലാണ്ഡേശ്വരി നഗർ പാണ്ഡ്യൻ (സെൽവി പാണ്ഡ്യൻ - 40) എന്നിവരെ വീട്ടിലെത്തിച്ചത്. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് തലക്കുളത്തൂർ എടക്കര പാണ്ഡ്യനും (തങ്കപാണ്ഡി - 47) അറസ്റ്റിലായിരുന്നു. മോഷണത്തിൽ പങ്കാളിയല്ലെങ്കിലും കവർന്ന ആഭരണങ്ങൾ വിറ്റുനൽകുന്നത് ഇയാളായിരുന്നു. വീടിെeൻറ അടുക്കളവാതിൽ തകർത്ത രീതി മാരിമുത്തു പൊലീസിന് വിശദീകരിച്ചു.
മുഖത്തടിക്കുകയും കത്തികാട്ടി വിജയലക്ഷ്മിയുടെ കമ്മൽ ഊരിവാങ്ങിയതും അലമാരയിൽനിന്ന് വസ്ത്രങ്ങൾ വലിച്ചിടുന്നതിനിടെ വള വീണപ്പോൾ എടുത്തതും പ്രതി സമ്മതിച്ചു. എടക്കരയിൽ തങ്കപാണ്ഡ്യൻ താമസിക്കുന്നതിനടുത്താണ് വിജയലക്ഷ്മിയുടെ സഹോദരന്റെ വീട്. ഈ വീട്ടിൽ നിന്നാണ് തങ്കപാണ്ഡ്യൻ കുടിവെള്ളമെടുത്തിരുന്നതത്രെ. വിജയലക്ഷ്മിയുടെ വീട്ടിലെ തെളിവെടുപ്പിനുശേഷം സംഘത്തെ ജൂലൈ 30ന് മോഷണം നടത്തിയ പുതിയങ്ങാടിയിലെ പാലക്കടയിലെ കോഴിക്കൽ ശോഭിത്തിെൻറ വീട്ടിലും തെളിവെടുപ്പിന് എത്തിച്ചു. മോഷണശേഷം നാട്ടിൽ തങ്ങി കൂടുതൽ മോഷണത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും പൊലീസ് പരിശോധന കാരണം ഇവർ മുങ്ങുകയായിരുന്നു. തങ്കപാണ്ഡ്യൻ പുതിയങ്ങാടിയിലെ ആക്രികടയിൽ ജോലിചെയ്തിരുന്നു. സാധനങ്ങളും മറ്റും ശേഖരിക്കാനും പൊട്ടിയ ബക്കറ്റ് ഒട്ടിക്കാനുമെന്ന വ്യാജേനയെത്തിയാണ് കവർച്ചക്ക് വീട് കണ്ടുവെക്കുക. എസ്.ഐമാരായ കെ.ആർ. രാജേഷ്, കെ. രാജീവൻ, കെ.എം. ശശി, കെ. പ്രദീപൻ, സി.പി.ഒമാരായ ഷിമിൻ, സൂരജ് പൊയിലിൽ എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്. അഞ്ചുദിവസത്തേക്കാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.