ആവശ്യത്തിന് ജീവനക്കാരില്ല; മാനസികാരോഗ്യ കേന്ദ്രത്തിൽ ചാടിപ്പോക്ക് കൂടുന്നു
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികളുടെ പരിചരണത്തിന് ജീവനക്കാർ കുറവായതിനാൽ ചാടിപ്പോക്ക് കൂടുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് തടവുകാർ ചാടിപ്പോയെന്ന വാർത്തകൾ ആവർത്തിച്ചു വന്നുകൊണ്ടിരിക്കുന്നുണ്ട്. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് അന്തേവാസികൾ തടവുചാടുന്നതിലേക്ക് വഴിവെക്കുന്നത്.
പൊലീസ് കോടതിവഴി കൊണ്ടുവരുന്ന മാനസികാസ്വാസ്ഥ്യമുള്ള പ്രതികളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് പാർപ്പിക്കുന്നത്. ഇങ്ങനെ രണ്ടു വാർഡുകളിലാണ് പ്രതികളായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് കാവൽ നിൽക്കുന്നത് എ.ആർ ക്യാമ്പിലെ പൊലീസുകാരാണ്. ഇതിൽ പുരുഷന്മാരുടെ വാർഡിൽ മാത്രമാണ് കാവലിന് പൊലീസ് ഉള്ളത്. കോവിഡ് ഡ്യൂട്ടിയുടെ പേരിൽ മാസങ്ങളായി വനിത വാർഡിൽ കാവലിന് പൊലീസുകാരില്ല.
അന്തേവാസികൾ ക്രിമിനൽ സ്വഭാവമുള്ളവർ കൂടിയാകുമ്പോൾ കൂടുതൽ ശ്രദ്ധവേണ്ട അവസ്ഥയാണുള്ളത്. എന്നിരിക്കെയാണ് വനിത വാർഡിന് കാവലില്ലാത്ത സാഹചര്യം. ആശുപത്രിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് നാലു പ്രതികൾ ചാടി പോയത്. ഇവരെ പിന്നീട് പിടികൂടി. ആശുപത്രിയിൽ ആകെ 471 അന്തേവാസികളാണ് ചികിത്സയിലുള്ളത്. കണക്കുപ്രകാരം 340 ജീവനക്കാർ ഇവരെ പരിചരിക്കാനായി ആവശ്യമുണ്ട്. എന്നാൽ, നിലവിൽ 280 പേർ മാത്രമാണുള്ളത്.
പൊലീസ് വഴി വരുന്ന പ്രതികളെ അല്ലാതെ മറ്റ് അന്തേവാസികളെ പരിചരിക്കാൻപോലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാതെ ഇരിക്കുകയാണ്. അതിനിടെ, പൊലീസ് കൊണ്ടുവരുന്ന പ്രതികളുടെ സംരക്ഷണംകൂടി ജീവനക്കാർ ഏറ്റെടുക്കേണ്ടിവരുകയാണ്. കൂടുതൽ ജീവനക്കാർ ഉണ്ടെങ്കിൽ അന്തേവാസികൾക്ക് ആവശ്യത്തിനു സംരക്ഷണം നൽകാൻ ആകുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.