കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം: ആളുവേണ്ടത് 22 തസ്തികകളിലേക്ക്
text_fieldsകോഴിക്കോട്: കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ 22 തസ്തികകളിൽ നിയമനം വേണം. ആകെ 29 ഒഴിവുകളാണ് ഉള്ളത്. ഇതിൽ ഏഴെണ്ണത്തിൽ ദിവസ വേതനക്കാർ ജോലി ചെയ്യുന്നുണ്ട്. ബാക്കി 22 എണ്ണത്തിലേക്കാണ് ആളുവേണ്ടത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകവും അന്തേവാസികൾ ചാടിപ്പോകുന്നതുമുൾപ്പെടെയുള്ള സംഭവങ്ങൾ സ്ഥിരമായതോടെ കേന്ദ്രത്തിന്റെ സുരക്ഷയെ പറ്റി ആശങ്കകൾ ഉയർന്നിരുന്നു. വാച്ച്മാൻ തസ്തികയിൽ എട്ടു ഒഴിവുകളാണുള്ളത്. എന്നാൽ, നാലെണ്ണത്തിൽ മാത്രമേ ജീവനക്കാർ ഉള്ളൂ. അവരാകട്ടെ ദിവസവേതനക്കാരുമാണ്. ബാക്കിയുള്ളത് ഒഴിഞ്ഞുകിടക്കുകയാണ്. 16 നിയമനം കൂടി നടത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
ബാർബർ, സ്കാവഞ്ചർ ഓരോ തസ്തികകളുണ്ട്. ഇവയിൽ താൽക്കാലിക ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. പാചകക്കാരുടെ അഞ്ച് ഒഴിവുകളാണുള്ളത്. ഒരു ദിവസവേതനക്കാരനും ജോലിക്രമീകരണത്തിൽ ഒരാളും പാചകക്കാരനായി പ്രവർത്തിക്കുന്നുണ്ട്. മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുന്നു.
സർജന്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് ll, ഒക്കുപേഷനൽ തെറപ്പിസ്റ്റ്, വർക്ക് മിസ്ട്രസ്, ഇൻസ്ട്രക്ടർ, വീവിങ് മാസ്റ്റർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. നഴ്സിങ് അസിസ്റ്റന്റിന്റെ നാലു തസ്തികകളും ഒഴിവാണ്. ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് l നാല് ഒഴിവുകളുമുണ്ട്.
കുതിരവട്ടം അന്തേവാസികളുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഒഴിവുകൾ കൂടുതലുള്ളത്. സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്കർ മുതൽ ഒക്കുപേഷനൽ തെറപ്പിസ്റ്റ്, വർക്ക് മിസ്ട്രസ്, ഇൻസ്ട്രക്ടർ, വീവിങ് മാസ്റ്റർ തുടങ്ങിയ തസ്തികകളെല്ലാം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ളതാണ്. പുനരധിവാസ പദ്ധതികളും ഇപ്പോൾ നിലച്ച മട്ടാണ്.
കോവിഡ് തുടങ്ങിയപ്പോൾ നിന്നുപോയ പുനരധിവാസ പ്രവർത്തനങ്ങൾ ഇതുവരെയും തുടങ്ങാനായിട്ടില്ല. നിലവിലുള്ള ഒഴിവുകളിലേക്ക് ഒരുമാസത്തിനകം നിയമനം നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.