കുതിരവട്ടത്തെ കൊല: ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
text_fieldsകോഴിക്കോട്: അന്തേവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ നടപടി ഉറപ്പായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച വെളിവായതോടെയാണ് വകുപ്പുതല നടപടി ഉറപ്പായത്. ഇതുസംബന്ധിച്ച് ആരോഗ്യ കേന്ദ്രം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.വി. ആശയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സൂപ്രണ്ട് ഡോ. കെ.സി. രമേശൻ തിങ്കളാഴ്ച ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖിന് കൈമാറും. തുടർന്നാവും നടപടി.
ഒരു നഴ്സും രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരുമാണ് ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. മൂന്നുപേർ താമസിച്ച സെല്ലിൽ രണ്ടുപേർ തമ്മിൽ അടിപിടിയുണ്ടായപ്പോൾ ഇവരിലൊരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റുകയല്ലാതെ വേണ്ട മറ്റു നടപടികൾ സ്വീകരിച്ചില്ലെന്നതാണ് വീഴ്ചയായി പറയുന്നത്. മണിക്കൂറുകൾ ഇടവിട്ട് ജീവനക്കാർ സെല്ലുകളിൽ സന്ദർശനം നടത്തണമെന്നാണ് ചട്ടം. ഇതുണ്ടായില്ലെന്നുമാണ് വിവരം. കിടക്കുന്ന സ്ഥലത്തെ ചൊല്ലി ബുധനാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ട ജിയറാം ജിലോട്ടും പ്രതി തസ്മി ബീവിയും തമ്മിൽ അടിപിടിയുണ്ടായത്.
ഏഴുമണി കഴിഞ്ഞതോടെ അടിപിടി മൂർധന്യത്തിലെത്തി. രാത്രി ഭക്ഷണവുമായി എത്തിയ ജീവനക്കാർ ജിയറാം തറയിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഇതേസമയം ഒപ്പമുണ്ടായിരുന്ന തസ്മി ബീവിയുടെ ശരീരത്തിലും രക്തമുണ്ടായിരുന്നു. ഇതോടെ, തസ്മിക്കാണ് അപകടം പറ്റിയതെന്ന ധാരണയിൽ ജീവനക്കാർ ഇവരെ മാറ്റൊരു സെല്ലിലേക്ക് മാറ്റി. എന്നാൽ, നിലത്തുകിടക്കുകയായിരുന്ന ജിയറാമിന് ജീവനക്കാർ വേണ്ടത്ര പരിചരണം നൽകുകയോ വിളിച്ചെഴുന്നേൽപിക്കുകയോ ചെയ്തില്ല. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ വീണ്ടും ഭക്ഷണവുമായി എത്തിയിട്ടും ഇവർ എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.
കഴുത്തുഞെരിച്ചോ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വസം മുട്ടിച്ചോ ആണ് കൊലപ്പെടുത്തിയതെന്നും രാത്രിതന്നെ മരണം സംഭവിച്ചു എന്നുമാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ക്രൂരമർദനമേറ്റതിന്റെ പാടുകളും മൂക്കിൽ നിന്നും ചെവിയിൽനിന്നും രക്തം വാർന്നതും തലയിൽ ഇടിച്ചതിന്റെ മുഴയും കഴുത്തിൽ നഖങ്ങളാലുള്ള ക്ഷതത്തിന്റെ പാടുകളും കണ്ടെത്തി. ഇങ്ങനെയൊക്കെയുണ്ടായിട്ടും ഇതൊന്നും ജീവനക്കാർ ശ്രദ്ധിക്കാഞ്ഞത് ഗുരുതര വീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ദാരുണ സംഭവം അത്യന്തം ഗൗരവകരമാണെന്നും റിപ്പോർട്ടുകൾ ലഭിച്ചശേഷം ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു. കൊലപാതകത്തിൽ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശനോടും ജില്ല പൊലീസ് മേധാവി എ.വി. ജോർജിനോടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. മാർച്ച് 22ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ആരോഗ്യകേന്ദ്രം സന്ദർശിച്ച കമീഷൻ അംഗം പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കുകയും ഉദ്യോഗസ്ഥരും അന്തേവാസികളുമായി സംസാരിച്ച് ദാരുണ സംഭവത്തിലേക്കെത്തിയ സാഹചര്യം മനസ്സിലാക്കുകയും ചെയ്തു. കൊലപാതകം തടയുന്നതിൽ അധികൃതർക്ക് പിഴവ് സംഭവിച്ചെന്ന പരാതിയും കമീഷൻ പരിശോധിക്കും.
പ്രതിയുടെ അറസ്റ്റ് മാനസികാരോഗ്യ റിപ്പോർട്ട് ലഭിച്ചശേഷം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തിൽ പ്രതിയുടെ മാനസികാരോഗ്യ റിപ്പോർട്ട് ലഭിച്ചശേഷമേ അറസ്റ്റുണ്ടാവൂ എന്ന് പൊലീസ്. മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ടിന്റെ (30) മരണത്തിൽ ഇവർക്കൊപ്പം സെല്ലിലുണ്ടായിരുന്ന ബംഗാൾ സ്വദേശിനി തസ്മി ബീവിക്കെതിരെയാണ് (32) മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. മാനസിക പ്രശ്നത്തെ തുടർന്നാണ് ബീവിയെയും ഇവിടെ പ്രവേശിപ്പിച്ചത്. പൊലീസ് ആദ്യം പ്രതിയുടെ മാനസികാരോഗ്യ റിപ്പോർട്ട് ആരോഗ്യകേന്ദ്രം സൂപ്രണ്ടിനോട് തേടുമെന്നും ഇതു പരിശോധിച്ചശേഷമാണ് അറസ്റ്റുണ്ടാവുകയെന്നും മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിലും സമർപ്പിക്കും.
ഭർത്താവിനെ തേടി തലശ്ശേരിയിലെത്തി അലഞ്ഞുതിരിയവെ രണ്ടാഴ്ച മുമ്പാണ് ജിയറാം ജിലോട്ടിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അതേസമയം, ഇവരുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ബന്ധുക്കൾ എത്തിയശേഷമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ. കുതിരവട്ടത്ത് അന്തേവാസികൾ തമ്മിൽ സംഘർഷമുണ്ടായി 2009 മേയിൽ പുല്ലാളൂർ സ്വദേശി സുന്ദരനും 2012 ആഗസ്റ്റിൽ മായനാട് സ്വദേശി കൃഷ്ണയും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.