സ്വന്തം കെട്ടിടവും സ്ഥിരം ന്യായാധികാരിയുമില്ലാതെ കുറ്റ്യാടി ഗ്രാമ ന്യായാലയ
text_fieldsകുറ്റ്യാടി: സ്വന്തം കെട്ടിടവും സ്ഥിരം ന്യായാധികാരിയുമില്ലാതെ കുറ്റ്യാടി ഗ്രാമ ന്യായാലയ. 2016ൽ സ്ഥാപിതമായ ഇവിടെ ആദ്യ കാലത്ത് മാത്രമാണ് സ്ഥിരം ന്യായാധികാരി ഉണ്ടായിരുന്നത്. ഇപ്പോൾ പേരാമ്പ്ര മുൻസിഫ് മജിസ്ട്രേറ്റിനാണ് ചുമതല. മാസം രണ്ടു ദിവസം മാത്രമാണ് സിറ്റിങ്. ആദ്യ ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും. സ്ഥിരം ന്യായാധികാരി ഉണ്ടെങ്കിൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും കേസുകൾ എടുക്കാം. ഇപ്പോൾ മുന്നൂറോളം കേസുകളിൽ തീർപ്പുകൽപിക്കാനുണ്ട്.
സ്ഥിരം ന്യായാധികാരിയെ നിയമിച്ചാൽ സ്ഥാനക്കയറ്റം കിട്ടുന്നതോടെ സ്ഥലംമാറിപ്പോകുന്ന സ്ഥിതിയാണ്. പിന്നീട് പരിസരങ്ങളിലെ മജിസ്ട്രേറ്റ് കോടതികളിലെയോ മുൻസിഫ് കോതികളിലെയോ മജിസ്ട്രേറ്റുമാർക്ക് ചാർജ് നൽകലായിരിക്കും സ്ഥിതി. ഇവിടെയുള്ള ജീവനക്കാരും സ്ഥിരക്കാരല്ല. മറ്റ് കോടതികളിൽ നിന്ന് മാറ്റപ്പെട്ടവരാണ്. അവരുടെ ശമ്പളം ഇവിടെയാണെങ്കിലും സർവിസ് കാര്യങ്ങൾ മാതൃ ഓഫിസുകളിലാണ് കൈകാര്യം ചെയ്യുന്നത്.
ജില്ലയിൽ കുറ്റ്യാടിയിലും കൊടുവള്ളിയിലുമാണ് ഗ്രാമന്യായാലയങ്ങളുള്ളത്. കൊടുവള്ളി ന്യായാലയ താമരശ്ശേരി കോടതിയോടനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ, കുറ്റ്യാടിയിലേത് തുടക്കം മുതൽ പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള സംരക്ഷിത സ്മാരകമായ പഴയ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിലാണ്. കെട്ടിടം പോറലേൽക്കാതെ സൂക്ഷിക്കണം. ചുമരിൽ ആണിയടിക്കാൻ പോലും പാടില്ല. കുടിയൊഴിപ്പിക്കൽ ഭീഷണിയിലുമാണ്.
എട്ടു വർഷമായിട്ടും സ്വന്തം കെട്ടിടമുണ്ടാക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സർക്കാർ സ്ഥാപനങ്ങൾ പരിമിതമായ കുറ്റ്യാടിയിൽനിന്ന് ഗ്രാമന്യായാലയവും നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. സാമൂഹിക കാരണങ്ങളാൽ ഒരു പൗരനും നീതി ലഭിക്കുന്നതിനുള്ള അവസരങ്ങൾ നിഷേധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് താഴെത്തട്ടിൽ ന്യായാലയങ്ങൾ സ്ഥാപിക്കുന്നത്. മൂന്നു വർഷംവരെ തടവു ലഭിക്കുന്ന കേസുകളാണ് ഈ കോടതിയിൽ പരിഗണിക്കുന്നത്. ദമ്പതിമാർ തമ്മിലുള്ള കേസുകളും ഇവിടെ കേൾക്കുന്നു. കുന്നുമ്മൽ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകൾ കുറ്റ്യാടി ന്യായാലയയുടെ പരിധിയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.