കുറ്റ്യാടി വലതുകര മെയിൻ കനാൽ ദുരന്തം; വടകര താലൂക്ക് വരൾച്ചയിലേക്ക്
text_fieldsകുറ്റ്യാടി: പെരുവണ്ണാമൂഴി അണക്കെട്ടിലെ വെള്ളം വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കുറ്റ്യാടി ജലസേചനപദ്ധതി വലതുകര മെയിൻകനാലിന്റെ തകർച്ചകാരണം താലൂക്കിൽ വിവിധ പഞ്ചായത്തുകൾ വരൾച്ചയിലേക്ക്. 34 കിലോമീറ്റർ ദൈർഘ്യമുള്ള കനാൽ 6000 ഹെക്ടർ കൃഷിഭൂമി നനക്കാനുള്ളതാണ്.
അതിലേറെ കുടിവെള്ളത്തിനും ഉപയോഗപ്പെടുന്നു. വേനലിൽ വറ്റുന്ന കിണറുകളിൽ കനാൽജലം അരിച്ചെത്തി ജലസമൃൃദ്ധിയുണ്ടാവുകയും കുടിവെള്ളക്ഷാമം പരിഹരിക്കുകയും ചെയ്യുന്നു. കനാൽ ജലം ബ്രാഞ്ച് കനാലുകളിലും കൈക്കനാലുകളിലും ഫീൽഡ് ബൂത്തുകളിലും എത്തും മുേമ്പ മെയിൻ കനാൽ തകർന്നിരിക്കുകയാണ്.
കനാൽ വെള്ളത്തെ മാത്രം ആശ്രയിച്ച് ഏക്കർ കണക്കിൽ വയലുകളിൽ കൃഷി ഇറക്കിയിട്ടുണ്ട്. വ്യാപകമായി പച്ചക്കറി കൃഷിയും തുടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഭാവി എന്താവുമെന്നാണ് കർഷകരുടെ ഉത്കണ്ഠ. റോഡ്, കെട്ടിടം ഉൾപ്പെടെ നിർമാണപ്രവൃത്തികൾക്ക് വെള്ളമെടുക്കുന്നത് കനാൽ ജലം കാരണം ജലവിതാനം ഉയർന്ന കിണറുകളിൽനിന്നാണ്.
താലൂക്കിലെ മൂന്നോ നാലോ മലയോര പഞ്ചായത്തുകൾ ഒഴികെയും വടകര നഗരസഭയിലും കനാൽ ജലം എത്തുന്നുണ്ട്. പൊട്ടിയ സ്ഥലത്തിനടുത്ത് കനാൽ തടഞ്ഞ് തുടക്ക ഭാഗത്തുള്ള പഞ്ചായത്തുകളിൽ വെള്ളം നൽകാൻ കഴിയുമോ എന്ന ആലോചനയും നടക്കുന്നുണ്ട്. ഇതെല്ലാം ഇനി മുടങ്ങുമെന്നാണ് വിലയിരുത്തൽ. മെയിൻകനാലിന് ആറ് കിലോമീറ്റർ പിന്നിടുന്ന മരുതോങ്കര പഞ്ചായത്തിലെ മരുതോങ്കര കെ.സി മുക്കിലാണ് വൻ തകർച്ച ഉണ്ടായത്. പത്തുമീറ്ററോളം നീളത്തിൽ സൈഡ് ഭിത്തി ഒലിച്ചുപോയി.
ആഴത്തിൽ വൻ കിടങ്ങ് രൂപപ്പെട്ടു. തകർന്ന ഭിത്തി പുനഃസ്ഥാപിക്കുന്നതിന് പകരം ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കുന്ന വലിയ പൈപ്പുകളിട്ട് ജലവിതണം പുനരാരംഭിക്കണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ ആവശ്യപ്പെട്ടങ്കിലും ജലസേചന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ അതിനോട് പ്രതികരിച്ചിട്ടില്ല. ഗ്യാലൻ കണക്കിൽ വെള്ളം തള്ളുന്ന കനാലിന് പകരം പൈപ്പ് ഉപയോഗിച്ചൽ താങ്ങാനാവുമോ എന്നാണ് സംശയം. മെയിൻ കനാലിന് ഏതാണ്ട് രണ്ട് മീറ്റർ വീതിയും ആഴവുമുണ്ട്. ഇത്രയും അധികം വെള്ളം എങ്ങനെ പൈപ്പിൽ ഒതുക്കാം എന്നാണ് ചോദിക്കുന്നത്.
50 വർഷത്തോളം പഴക്കമുള്ള കനാൽ: ദുരന്തത്തിന് ഇനിയും സാധ്യത
കുറ്റ്യാടി: 50 വർഷത്തോളം പഴക്കമുള്ള കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിൻകനാൽ പ്രധാന അറ്റകുറ്റപ്പണിക്ക് സമയമായിട്ടും നടത്തുന്നില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.
മരുതോങ്കരയിൽ മെയിൻ കനാൽ തകർന്നതിനെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താൻ ചേർന്ന എം.എൽ.എമാരുടെയും ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ നാട്ടുകാരും ജനപ്രതിനിധികളും പരാതികൾ നിരത്തി. പെരുവണ്ണാമൂഴിയിൽനിന്ന് തുറന്നുവിടുന്ന വെള്ളം പാതിയും കനാൽ ചോർച്ച കാരണം നഷ്ടപ്പെടുകയാണെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. കനാൽപാലങ്ങളും ബ്രാഞ്ച് കനാലുമെല്ലാം വർഷങ്ങളായി ചോരുന്നതായും അദ്ദേഹം പറഞ്ഞു.
കുറെ വർങ്ങളായി തൊഴിലുറപ്പുകാർ നടത്തിയിരുന്ന അറ്റകുറ്റപ്പണി ഈ വർഷം നടത്തിയിട്ടില്ല. അധികൃതർ അറ്റകുപ്പണി നടത്തുമ്പോൾ ആവശ്യമുള്ള സ്ഥലം ഒഴിവാക്കി തകർച്ചയില്ലാത്ത ഭാഗങ്ങളിലാണ് പ്രവൃത്തി നടത്താറ്. ഈ വർഷം അമിത തോതിലാണ് വെള്ളം തുറന്നുവിട്ടത്. കനാലിന്റെ കര തൊടുന്ന തരത്തിൽ വെള്ളം നിറഞ്ഞ് ഒഴുകുകയായിരുന്നു.
ഇതിനാൽ സമ്മർദം കൂടിയാവാം കനാൽ തകർന്നത്. തിങ്കളാഴ്ച അർധരാത്രി തകർന്ന ഭാഗത്ത് കനാൽ ഭിത്തിക്ക് കോൺക്രീറ്റിങ് നടത്തിയിട്ടില്ല. അതിനു സമീപം വരെ പണി നടത്തിയിട്ടുണ്ട്. കുറുക്കൻ, മുള്ളൻപന്നി എന്നിവ സൈഡ് ഭിത്തിയിൽ മാളങ്ങൾ നിർമിക്കാറുണ്ട്.
ഇതിലൂടെയും വെള്ളം ചോർന്നു പോകാറുണ്ട്. മെയിൻ കനാലിന്റെ താഴ്ഭാഗങ്ങളിൽ വെള്ളം ഇറങ്ങുന്നതിനാൽ കക്കൂസ് ടാങ്ക് പോലും നിർമിക്കാൻ കഴിയുന്നില്ല. സുരക്ഷ പരിശോധന നടത്താതെയാണ് കനാൽ തുറക്കുന്നത്. എന്നാൽ, തൊഴിലുറപ്പ് പദ്ധതി പ്രകാരം തുടർപ്രവൃത്തി അനുവദിക്കാത്തതിനാലാണ് തൊഴിലുറപ്പ് തൊഴിലാളികളെകൊണ്ട് ഈ വർഷം അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തതെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ പറഞ്ഞു.
വലതുകര കനാൽ മൊത്തം അറ്റകുറ്റപ്പണിക്ക് ജലസേചന വകുപ്പ് 150 കോടി രൂപയുടെ പ്രോജക്ട് തയാറാക്കി അയച്ചിട്ടുണ്ട്. കനാൽ തകർച്ചയിൽ കൃഷി നഷ്ടപ്പെട്ടവർക്ക് പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാർട്ടി പ്രതിനിധികളായ കെ.ടി. മനോജൻ, വി.എം. ചന്ദ്രൻ, ടി.കെ. നാണു, കെ.പി. നാണു, റോബിറ്റ് പുതുക്കുളങ്ങര, എൻ.കെ. കുഞ്ഞബ്ദുല്ല, കെ.ടി. മുരളി, കർഷകരായ കേളോത്ത് കുഞ്ഞമ്മദ്, കുറ്റിയിൽ കൃഷ്ണൻ, കുളക്കാട്ടിൽ മൊയ്തു, കുറ്റിയിൽ രവീന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.