കാറിൽനിന്ന് 40.25 ലക്ഷം കവർന്നെന്ന പരാതി: കവർച്ചനാടകം പൊളിച്ച് പൊലീസ്
text_fieldsസാജിദ് , റഹീസ്, ജംഷീദ്
കുറ്റിക്കാട്ടൂർ: പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽനിന്ന് 40.25 ലക്ഷം കവർന്നെന്ന പരാതി വ്യാജമെന്ന് പൊലീസ്. കവർച്ച നാടകം പൊളിച്ച പൊലീസ് വ്യാജ പരാതി നൽകിയതിനും വിശ്വാസവഞ്ചന നടത്തിയതിനും പരാതിക്കാരനും രണ്ടു കൂട്ടാളികൾക്കുമെതിരെ കേസെടുത്തു.
പരാതിക്കാരൻ പൂവാട്ടുപറമ്പ് മായങ്ങോട്ടു ചാലിൽ പി.എം. റഹീസ് (35), കൂട്ടാളികളായ കുറ്റിക്കാട്ടൂർ മേലെ തെക്കുവീട്ടിൽ സാജിദ് (37), കുറ്റിക്കാട്ടൂർ ആനകുഴിക്കര മായങ്ങോട്ട് ചാലിൽ ജംഷിദ് (27)എന്നിവർക്കെതിരെയാണ് കേസെടുത്തത്. മാർച്ച് 19ന് ഉച്ചക്ക് 3.30ഓടെ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവർ സീറ്റിനടുത്തുള്ള ഡോറിന്റെ ചില്ല് തകർത്ത് കാറിൽ ചാക്കിൽ സൂക്ഷിച്ച 40 ലക്ഷം രൂപയും കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും കവർന്നു എന്നായിരുന്നു റഹീസിന്റെ പരാതി.
ഇതുസംബന്ധിച്ച് പിറ്റേന്ന് രാവിലെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഇയാൾ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ ഒരു സ്കൂട്ടറിൽ രണ്ടുപേർ വന്ന് കാറിന്റെ ചില്ല് അടിച്ചുപൊട്ടിക്കുന്നതിന്റെയും കാറിൽനിന്ന് എന്തോ സാധനം എടുത്ത് ഓടിപ്പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യം ലഭിച്ചു. പ്രതികൾ ഹെൽമെറ്റ് ധരിച്ചിരുന്നു.
കോഴിക്കോട് സിറ്റി ഡി.സി.പി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിൽ മെഡി. കോളജ് എ.സി.പി. എ. ഉമേഷ്, ഇൻസ്പെക്ടർ ജിജീഷ് പി.കെ, എസ്.ഐ അരുൺ എന്നിവരുൾപ്പെട്ട സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്താനുപയോഗിച്ച വാഹനത്തിന്റെ നമ്പർപ്ലേറ്റ് വ്യാജമാണെന്ന് വ്യക്തമായി.
തുടരന്വേഷണത്തിൽ സ്കൂട്ടർ കണ്ടെത്തുകയും സാജിദ് എന്ന ഷാജിയെയും ജംഷിദിനെയും കസ്റ്റഡിയിലെടുക്കകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ പരാതിക്കാരനായ റഹീസ് പറഞ്ഞ പ്രകാരം സാജിദ് എടുത്ത ക്വട്ടേഷനാണെന്ന് സമ്മതിക്കുകയായിരുന്നു.
റഹീസിന്റെ ഭാര്യയുടെ പിതാവ് മാനേജറായി ജോലി ചെയ്യുന്ന ബംഗളൂരുവിലെ സ്ഥാപനത്തിൽനിന്ന് കേരളത്തിലെ ശാഖകളിലേക്ക് കൊടുക്കുന്നതിനായി പലപ്പോഴായി ഏൽപിച്ച 40 ലക്ഷം രൂപ മകളുടെ ഭർത്താവായ റഹീസിന്റെ കൈയിൽ സൂക്ഷിക്കാൻ കൊടുത്തിരുന്നു.
ഈ തുക റഹീസ് പലപ്പോഴായി എടുത്ത് ചെലവായി പോയിരുന്നു. പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോൾ പണം തിരിച്ചുകൊടുക്കാനില്ലാത്തതിനാൽ കവർച്ചാനാടകം ആസൂത്രണം ചെയ്യുകയായിരുന്നു.പണത്തിന്റെ ഉറവിടത്തെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.