സി.പി.എം നേതാവിൻെറ പരാമർശം വിവാദമായി; പ്രതിഷേധം ശക്തം
text_fields1. സി.പി.എം സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ച് 2. യു.ഡി.എഫ് യുവജന വിഭാഗം പൂവാട്ടുപറമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം
കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നേതാവിെൻറ മോശമായ പരാമർശം വിവാദമായി. പരാമർശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവും ശക്തമാണ്. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേംനാഥാണ് പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ പി.കെ. ഷറഫുദ്ദീനെതിരെ അസഭ്യപരാമർശം നടത്തിയത്.
ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ബുധനാഴ്ച സി.പി.എം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം. ആവേശത്തിലല്ലെന്നും അറിഞ്ഞുകൊണ്ടുതന്നെ പറയുകയാണെന്നുമുള്ള പരാമർശത്തോടെയാണ് മോശപ്പെട്ട പദപ്രയോഗങ്ങൾ ആവർത്തിച്ചത്. പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഏതാനും ദിവസങ്ങളായി യു.ഡി.എഫ്, എൽ.ഡി.എഫ് തർക്കം രൂക്ഷമാണ്.
ഷറഫുദ്ദീനടക്കമുള്ള ഏതാനും മെംബർമാർ ഞായറാഴ്ച രാത്രിയിൽ ഗ്രാമപഞ്ചായത്ത് ഒാഫിസിനുള്ളിൽ ചെലവഴിച്ചതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ഇവിടെയെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇത് ചോദ്യംെചയ്യുകയും ഇരുകൂട്ടരും തമ്മിൽ വാക്തർക്കമുണ്ടാകുകയും ചെയ്തു. ഒഴിവുദിവസം അസമയത്ത് ഓഫിസിൽ കയറിയത് കൃത്രിമം കാണിക്കാനാണ് എന്നായിരുന്നു ആരോപണം.
എന്നാൽ, തൊട്ടടുത്ത ദിവസം നടക്കുന്ന അതിദരിദ്രരെ കണ്ടെത്താനുള്ള സർവേയുടെ പരിശീലനത്തിനുള്ള വളൻറിയർമാരുടെ ലിസ്റ്റ് ശേഖരിക്കാനാണ് എത്തിയതെന്നും ഗ്രാമപഞ്ചായത്ത് ഓഫിസിെൻറ അകത്തല്ല, മറിച്ച് ജനപ്രതിനിധികൾക്ക് അനുവദിച്ച സ്ഥലത്താണ് ഇരിക്കുന്നതെന്നും പി.കെ. ഷറഫുദ്ദീനും വിശദീകരിച്ചു. രംഗം വഷളായതോടെ പൊലീസെത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.
ഇൗ സംഭവത്തിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച സി.പി.എം ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ച് സംഘടിപ്പിച്ചത്. വിവാദ പരാമർശത്തിനെതിരെ ഷറഫുദ്ദീൻ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകർ വൈകുന്നേരം പൂവാട്ടുപറമ്പിൽ പ്രകടനം നടത്തി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.