ഇറാൻ പിടിച്ച കപ്പലിലെ ജീവനക്കാരുടെ മോചനം: വിവരം ലഭിച്ചില്ലെന്ന് കുടുംബം
text_fieldsകുറ്റിക്കാട്ടൂർ: ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പലിലെ മലയാളി ജീവനക്കാരുടെ മോചനം സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സെക്കൻഡ് എൻജിനീയർ കോഴിക്കോട് വെള്ളിപറമ്പ് പൂവംപറമ്പത്ത്താഴം ‘വിശ്വ’ത്തിൽ ശ്യാംനാഥിന്റെ കുടുംബം.
കപ്പലിലെ മുഴുവൻ ജീവനക്കാരെയും വിട്ടയച്ചതായി ശനിയാഴ്ച പ്രചരിച്ച വാർത്ത തെറ്റാണെന്നാണ് മനസ്സിലാക്കുന്നതെന്നും സഹോദരൻ ശങ്കർനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു. ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ട്. ശനിയാഴ്ച രാത്രി ഒമ്പതോടെ വിളിച്ചിരുന്നു. മോചനത്തിനുള്ള എന്തെങ്കിലും കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒന്നും അറിയുന്നില്ലെന്നാണ് ശ്യാംനാഥ് പറഞ്ഞത്.
കപ്പൽ ജീവനക്കാരെ വിട്ടയക്കുന്നതിന് ഇറാൻ എംബസി അനുവാദം കൊടുത്തിരുന്നു. ഇത് രണ്ടാഴ്ച മുമ്പായിരുന്നു. ഈ വിവരം ഇപ്പോൾ തെറ്റായി പ്രചരിച്ചതായിരിക്കുമെന്നാണ് കരുതുന്നതെന്നും ശങ്കർനാഥ് പറഞ്ഞു.
ഏപ്രിൽ 13ന് ഉച്ചയോടെയാണ് എം.എസ്.സി ഏരിയസ് കപ്പൽ പിടിച്ചെടുത്തത്. പിടിച്ചെടുക്കുമ്പോൾ 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരാണ്. ജീവനക്കാരിലെ ഏക വനിത തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസയെ പിന്നീട് വിട്ടയച്ചിരുന്നു.
പാലക്കാട് സ്വദേശി സുമേഷും വയനാട് സ്വദേശി ധനേഷുമാണ് കപ്പലിലുള്ള മറ്റ് മലയാളികൾ. ഇവരുടെ കുടുംബങ്ങൾക്കും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്നും ശ്യാംനാഥിന്റെ കുടുംബം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.