ജലസ്രോതസ്സ് സംരക്ഷണത്തിന് പെരുവയലിൽ ജനകീയ സർവേ
text_fieldsകുറ്റിക്കാട്ടൂർ: 'തെളിനീരൊഴുകും നവകേരളം' കാമ്പയിനിന്റെ ഭാഗമായി പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ജലാശയങ്ങളുടെ സംരക്ഷണത്തിന് ജനകീയ പരിശോധന. കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥലമായ മുണ്ടക്കൽ മുത്താച്ചിക്കുണ്ട് മുതൽ മാമ്പുഴയിലെ കീഴ്മാട് വരെ ഒമ്പതു സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജൈവവൈവിധ്യ ബോർഡും പ്രൊവിഡൻസ് കോളജ് ചരിത്രവിഭാഗവും എൻ.സി.സി യൂനിറ്റും ചേർന്നായിരുന്നു പരിശോധന. കോളജിലെ 80 വിദ്യാർഥികൾ പങ്കെടുത്തു. കൈയേറ്റം, മാലിന്യം ഒഴുക്കൽ, വിസ്തൃതി, കൈത്തോടുകൾ എന്നിവ പരിശോധിച്ചു. മലിനപ്പെടുത്തുന്നവർക്ക് അവ അവസാനിപ്പിക്കാൻ നിർദേശം നൽകി. തുടർന്നാൽ ശക്തമായ നടപടിക്കും പദ്ധതിയുണ്ട്.
തൊഴിലുറപ്പ് പദ്ധതി മാറ്റുമാരുടെ നേതൃത്വത്തിൽ പൊതു ജലാശയങ്ങളിലെ ജലപരിശോധനയും ആരംഭിച്ചു. 88 സാമ്പിളുകൾ പരിശോധിക്കും. മാലിന്യം കലരുന്നത് സംബന്ധിച്ച ശാസ്ത്രീയ വിവരം ഇതിലൂടെ ലഭിക്കും. ജനകീയ പങ്കാളിത്തത്തോടെ മാമ്പുഴ തീരത്ത് ജലനടത്തവും സംഘടിപ്പിച്ചു.
മാമ്പുഴ ശുചീകരണവും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജനകീയ സർവേ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീമ ഹരിഷ് അധ്യക്ഷത വഹിച്ചു. ജലനടത്തത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ടും ജലപരിശോധനക്കുള്ള കിറ്റ് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീനും നിർവഹിച്ചു.
ജനകീയ സർവേക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് എളവന, സുസ്മിത വിത്താരത്ത്, കെ. അബ്ദുറഹ്മാൻ, എ.പി. റീന, ഷാഹിന ടീച്ചർ, എം.പി. സലീം, പി.എം. ബാബു, ജൈവവൈവിധ്യ ബോർഡ് അംഗം ശബരി മുണ്ടക്കൽ, പ്രൊവിഡൻസ് കോളജ് അസോസിയേറ്റ് എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ഇ. ലിനി, അനുജ, കാഡറ്റ് ലക്ഷ്മി പാർവതി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.