ടി.പി.ആർ അശാസ്ത്രീയത: പെരുവയലിൽ 'ഗതികേടിന്റെ ചലഞ്ച്' ഒരുക്കി വ്യാപാരികൾ
text_fieldsകുറ്റിക്കാട്ടൂർ: ടി.പി.ആർ നിരക്കിൽ നിരന്തര വർധന നിലനിൽക്കുന്നതിനാൽ കച്ചവടസ്ഥാപനങ്ങൾ ദിവസങ്ങൾ അടച്ചിടുന്ന ദുരവസ്ഥക്ക് പരിഹാരം തേടി ഗതികേടിെൻറ ചലഞ്ച് ഒരുക്കി വ്യാപാരികൾ. പെരുവയൽ ഗ്രാമപഞ്ചായത്തിലാണ് വ്യത്യസ്തമായ ചലഞ്ചുമായി വ്യാപാരികൾ രംഗത്തുവന്നത്. ഗ്രാമപഞ്ചായത്തിൽ ടി.പി.ആർ നിരക്ക് കൂടിയതു കാരണം ദിവസങ്ങളായി ഡി കാറ്റഗറിയിലാണ്. ഇതുമൂലം കച്ചവടസ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതിയാണ്.
കോവിഡ് ലക്ഷണങ്ങളുള്ളവരും പ്രാഥമിക സമ്പർക്കം ഉള്ളവരും മാത്രം ടെസ്റ്റുകൾ നടത്തുന്നത് കാരണം ടി.പി.ആർ ഉയർന്നു തന്നെ നിൽക്കുകയാണ്. ടി.പി.ആർ നിരക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയത വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന സമയത്താണ് പ്രത്യേക ചലഞ്ച് ഒരുക്കുന്നത്. 'കണ്ണുതുറക്കാത്ത സർക്കാറിന് മുന്നിൽ ഗതികേടിന്റെ ചലഞ്ച്' എന്ന മുദ്രാവാക്യമുയർത്തി വ്യാപാരി വ്യവസായി ഏകോപനസമിതി പെരുവയൽ ഗ്രാമപഞ്ചായത്ത് കോഓഡിനേഷൻ കമ്മിറ്റിയാണ് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. വ്യാഴാഴ്ച മുതൽ നാല് ദിവസങ്ങളിലായി ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കോവിഡ് പരിശോധന ക്യാമ്പിലേക്ക് കൂടുതൽ പേരെ എത്തിക്കുകയാണ് ചലഞ്ച് ലക്ഷ്യമിടുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വാഗ്ദാനം ചെയ്യുന്നത്. ടെസ്റ്റിന് വിധേയമാകുന്നവരിൽ നറുക്കെടുപ്പിലൂടെ ഒന്നാം സ്ഥാനം കിട്ടുന്നയാൾക്ക് 5001 രൂപയും രണ്ടാം സ്ഥാനം നേടുന്ന രണ്ടു പേർക്ക് ബിരിയാണി പോട്ടും മൂന്നാം സ്ഥാനം നേടുന്ന രണ്ടു പേർക്ക് പ്രഷർകുക്കറും വാഗ്ദാനം ചെയ്യുന്നു. കൂടാതെ പത്തു പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. പെരുവയൽ പി.എച്ച്.സിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്കൂളിലും വെള്ളിയാഴ്ച പെരുവയൽ സെൻറ് സേവിയേഴ്സ് സ്കൂളിലും ഞായറാഴ്ച വെള്ളിപ്പറമ്പ് ജി. എൽ.പി സ്കൂളിലും തിങ്കളാഴ്ച പൂവാട്ടുപറമ്പ് എ.എൽ.പി സ്കൂളിലാണ് മെഗാ പരിശോധന ക്യാമ്പുകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.