വിലയിടിയുമ്പോൾ ആശ്വാസമായി കുറ്റ്യാടി പച്ചത്തേങ്ങ സംഭരണകേന്ദ്രം
text_fieldsകുറ്റ്യാടി: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കേരകർഷക സംഘം കുറ്റ്യാടിയിൽ ആരംഭിച്ച പച്ചത്തേങ്ങ സംഭരണകേന്ദ്രം നാളികേര കർഷകർക്ക് ആശ്വാസമാകുന്നു. വില കിലോക്ക് 23 രൂപയായി കൂപ്പുകുത്തിയ അവസരത്തിൽ 34 രൂപയാണ് സംഭരണകേന്ദ്രം വഴി ലഭിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാൽ കുറ്റ്യാടി, കായക്കൊടി, മരുതോങ്കര, വേളം, കുന്നുമ്മൽ ചങ്ങരോത്ത്, ചക്കിട്ടപാറ പഞ്ചായത്തുകളിൽനിന്ന് കുറ്റ്യാടിയിൽ തേങ്ങയെത്തുന്നതായി സംഘം ഭാരവാഹി ടി.കെ. ബാലൻ പറഞ്ഞു. കാവിലുമ്പാറ പഞ്ചായത്തിലെ തൊട്ടിൽപാലത്തും സംഭരണമുണ്ട്.
ആഴ്ചയിൽ രണ്ടു ദിവസമാണ് സംഭരണം. ഒരേക്കർ സ്ഥലം കൈവശമുള്ളയാൾക്ക് വർഷം അഞ്ചു തവണയായി അയ്യായിരത്തോളം തേങ്ങ നൽകാൻ കഴിയും. ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ്, സ്വന്തം പഞ്ചായത്തിലെ കൃഷിഭവനിൽനിന്ന് കേരകർഷകനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സംഘടിപ്പിച്ച് കുറ്റ്യാടി കൃഷിഭവനിൽ എത്തിച്ചാൽ തേങ്ങ നൽകാം. സഹകരണ സംഘങ്ങൾ രംഗത്തു വരാത്തതിനാലാണത്രെ മറ്റു പഞ്ചായത്തുകളിൽ സംഭരണം നടക്കാത്തത്.
കുറ്റ്യാടിയിൽ സംഭരണകേന്ദ്രത്തിലെ അസൗകര്യം കാരണം ദിവസം ഏഴായിരം തേങ്ങയാണ് സംഭരിക്കുക. മൂന്ന് ദിവസത്തിനകം കയറ്റിപ്പോകും. രണ്ടാഴ്ച കൊണ്ട് കർഷകന്റെ അക്കൗണ്ടിൽ പണം എത്തുമെന്നും അധികൃതർ പറഞ്ഞു. മന്ദങ്കാവിലെ കേര ഫെഡിന്റെ സംസ്കരണ കേന്ദ്രത്തിലേക്കാണ് തേങ്ങ കൊണ്ടുപോകുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.