പ്രാദേശിക ടൂറിസത്തിൽ ഇടംപിടിക്കാതെ ഈ സംഗമസ്ഥാനം
text_fieldsകുറ്റ്യാടി: ദേശത്തെ ചരിത്രമുറങ്ങുന്ന രണ്ടു പുഴകളുടെ സംഗമസ്ഥാനം ഇനിയും പ്രാദേശിക
ടൂറിസത്തിൽപോലും ഇടംപിടിച്ചില്ല. ചെറുപുഴ എന്ന തൊട്ടിൽപാലം പുഴയും കുറ്റ്യാടി പുഴയുമാണ് കുറ്റ്യാടി കൊയിലോത്തുംകടവിൽ സംഗമിക്കുന്നത്. കുറ്റ്യാടിപാലം വരുന്നതിനുമുമ്പ് കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസുകൾ ചങ്ങരോത്ത് പഞ്ചായത്തിന്റെ ഭാഗത്തുള്ള ഈ കടവിനു സമീപം വരെ വന്ന് തിരിച്ചുപോകുമായിരുന്നു. ഈ കടവ് കടന്നാണ് ആളുകൾ കുറ്റ്യാടി ടൗണുമായി ബന്ധപ്പെട്ടിരുന്നത്.
വേനലിൽ വെള്ളം കുറയുമ്പോൾ ഇറങ്ങിക്കടക്കാമായിരുന്നു. കൊയിലോത്തുംകടവിൽനിന്ന് നേരെ അടുക്കത്ത് ഭാഗത്തേക്കു കടന്ന് അവിടെനിന്ന് കുറ്റ്യാടി ഭാഗത്തേക്കു കടക്കുമായിരുന്നു. കുറ്റ്യാടി പുഴയിൽ വലിയ കയങ്ങളുള്ളതാണ് നേരെ കുറ്റ്യാടി ഭാഗത്തേക്കു കടക്കാതിരിക്കാൻ കാരണം. വൻ ആഴമുള്ള മുക്കണ്ണൻകയം ഈ കടവിലാണ്. പഴശ്ശി രാജാവിന് കോട്ട പണിയാൻ മരത്തടി വലിച്ചുവന്ന ആന ഈ കുഴിയിൽ മുങ്ങിപ്പോയെന്നാണ് പറയപ്പെടുന്നത്. പഴശ്ശിയുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് കൊയിലോത്തും കടവെന്ന പേരും ലഭിച്ചതത്രെ. കുറ്റ്യാടി പുഴയിൽ ചെറുപുഴ സംഗമിക്കുന്നതിന് തൊട്ടടുത്തായി കമ്പിപ്പാലം (തൂക്കുപാലം) ഉണ്ടായിരുന്നു. അടുക്കത്ത് ഭാഗത്തേക്ക് കോൺക്രീറ്റ് പാലം വന്നതോടെ കമ്പിപ്പാലം ഇല്ലാതായി.
കുറ്റ്യാടി ഭാഗത്ത് വിശാലമായ മണൽക്കടവുകളുണ്ടായിരുന്നു. നിരവധി ലോറികൾ മണൽ കയറ്റാൻ വരിനിൽക്കുന്നത് പതിവായിരുന്നു. പെരുന്നാളാഘോഷവും കലാസംഘടനകളുടെ വാർഷികാഘോഷങ്ങളും ഈ കടവിലാണ് അരങ്ങേറിയിരുന്നത്. അതിനുമുമ്പ് ജില്ലയിലെ അറിയപ്പെട്ട തടിവ്യാപാരകേന്ദ്രമായിരുന്നു കുറ്റ്യാടിക്കടവ്. മലവാരത്ത് കൂപ്പുകളിൽനിന്ന് മുറിച്ച് പുഴയിലൂടെ തടികൾ തെരുപ്പങ്ങളാക്കി കടവിലെത്തിച്ചിരുന്നു. മലവാരങ്ങളിൽ നിന്ന് നാളികേരവും ഇപ്രകാരം എത്തിക്കുമായിരുന്നു. ജല അതോറിറ്റി പമ്പ് ഹൗസ് സ്ഥാപിച്ചതോടെ ഒരു കടവ് ഇല്ലാതായി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയം സ്ഥാപിച്ചതോടെ ചെറുപുഴ ഭാഗത്തെ കടവും ഇല്ലാതായി. എന്നാൽ, ഈ പൈതൃക കടവിനെ സംരക്ഷിക്കാൻ പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. കുറ്റ്യാടി, മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്ത് അതിരുകളാണ് സംഗമസ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.