കുട്ടികൾ റോഡ് മുറിച്ചുകടക്കവെ ഓട്ടോ മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകുറ്റ്യാടി: വയനാട് റോഡിൽ കൊടക്കൽപള്ളിക്ക് സമീപം ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കൊടക്കാൽ ചുണ്ടക്കണ്ടി സമീറിന്റെ മകൾ ഫാത്തിമ സജ (10), യാത്രക്കാരനായ ആൺകുട്ടി എന്നിവർക്കാണ് പരിക്ക്. രാവിലെ മദ്റസ വിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് കുറ്റ്യാടി ഭാഗത്തുനിന്ന് വന്ന ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
കുട്ടികൾ കൂട്ടമായി റോഡ് മുറിച്ചുകടക്കുന്നതും പിന്നിലെ കുട്ടികൾ കടക്കുമ്പോഴേക്കും ഓട്ടോ വരുന്നതും രക്ഷിക്കാൻ വെട്ടിച്ചപ്പോൾ മറിയുന്നതും പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. മറിയുന്നതിനിടയിൽ ഓട്ടോ തട്ടി പുറത്തേക്ക് തെറിച്ചതിനാലാണ് ഫാത്തിമ സജ ഉള്ളിൽപെടാതെ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വൈകീട്ട് വിട്ടയച്ചു.
ഓട്ടോ വലത്തോട്ട് വെട്ടിച്ചപ്പോൾ മുന്നിലുണ്ടായിരുന്ന കുട്ടികൾ ഓടിമാറിയതിനാൽ അവർക്ക് പരിക്കേറ്റില്ല. മദ്റസാധ്യാപകരും രക്ഷിതാക്കളും നോക്കിനിൽക്കെയാണ് സംഭവമെന്നും പറയുന്നു. ജില്ലാന്തര റോഡായതിനാൽ പള്ളിക്കുസമീപം വാഹനങ്ങളുടെ അമിതവേഗം കാരണം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വിവിധ അപകടങ്ങളിലായി കാൽനട യാത്രക്കാരടക്കം ഏതാനും പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.