ബാസ്കറ്റ്ബാൾ താരം ലിതാരയുടെ മരണം: ബിഹാർ പൊലീസ് തെളിവെടുപ്പിന് വീട്ടിലെത്തി
text_fieldsകുറ്റ്യാടി: ബിഹാറിലെ പട്നയിൽ മരിച്ച ബാസ്കറ്റ്ബാൾ താരവും റെയിൽവേ ഉദ്യോഗസ്ഥയുമായിരുന്ന പാതിരിപ്പറ്റ കെ.സി. ലിതാരയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് ഞായറാഴ്ച ലിതാരയുടെ വീട്ടിലെത്തി. ഇൻസ്പെക്ടർ ശംഭു സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റ്യാടി പൊലീസിനൊപ്പം വീട്ടിലെത്തിയത്.
കഴിഞ്ഞ ഏപ്രിൽ 25നാണ് ലിതാരയെ ഗാന്ധിനഗറിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കോച്ച് രവി സിങ്ങിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണത്തിനു കാരണമെന്ന് പട്നയിൽ മൃതദേഹം ഏറ്റുവാങ്ങാൻ പോയ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കോച്ച് സസ്പെൻഷനിലാണ്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാർ പൊലീസിന്റെ സന്ദർശനം. പൊലീസ് സംഘം ലിതാരയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു.
ബിഹാറിൽ പോസ്റ്റ്മോർട്ടം നടത്തിയതിനു പുറമെ നാട്ടിലെത്തിയാൽ കോഴിക്കോട്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് സ്ഥലം എം.എൽ.എ മുഖേന ബന്ധുക്കൾ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, പിന്നീട് ഈ ആവശ്യത്തിൽനിന്ന് പിന്മാറുകയാണുണ്ടായത്. മരിക്കും മുമ്പ് ബന്ധുക്കൾ വിളിച്ചപ്പോൾ കോച്ചിനെതിരെ ലിതാര പരാതി പറഞ്ഞതല്ലാതെ ഇയാൾക്കെതിരെ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ മനുഷ്യാവകാശ കമീഷനും മരണത്തിൽ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.