തേനീച്ചക്കുത്തേറ്റ് കുടുംബത്തിലെ അഞ്ചു പേർ ആശുപത്രിയിൽ
text_fieldsകുറ്റ്യാടി: കുണ്ടുതോട് തോട്ടക്കാടിന് സമീപം പെരുന്തേനീച്ചയുടെ കുത്തേറ്റ് കുടുംബത്തിലെ അഞ്ചു പേർ ആശുപത്രിയിൽ. വിളയിൽ പുത്തൻപുരയിൽ സരോജിനി (70), മകൻ രാജു (48), രാജുവിെൻറ മക്കളായ വിഷ്ണുപ്രിയ (15), തേജലക്ഷ്മി (13), കാർത്തിക് (10) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടുപറമ്പിൽ നിൽക്കുകയായിരുന്ന കാർത്തിക്കിനെ എവിടെനിന്നോ ഇരച്ചെത്തിയ തേനീച്ചക്കൂട്ടങ്ങൾ ആക്രമിച്ചു.
കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ മറ്റുള്ളവരെയും തേനീച്ചകൾ ആക്രമിക്കുകയായിരുന്നു.
തളർന്നു വീണുപോയവരെയും പൈക്കളങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് ഓക്സിജൻ സൗകര്യമുള്ള മൂന്ന് ആംബുലൻസുകളിലാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനരക്ഷാ പ്രവർത്തകരായ യൂനുസ് കൂടത്തിൽ, കെ.വി. സിറാജ്, ഫസൽ, നസീർ എന്നിവർ നേതൃത്വം നൽകി.
ഇതിൽ രാജു ഒഴികെയുള്ളവർ സുഖം പ്രാപിച്ചുവരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇവരുടെ വീടിനു സമീപം കണ്ടെത്തിയ തേനീച്ചക്കൂട് നാട്ടുകാർ നശിപ്പിച്ചു. എന്നാൽ, വീട്ടുകാരെ കുത്തിയത് സമീപത്തെ മലയിൽനിന്ന് പരുന്തോ മറ്റോ കൂടിളക്കിയതിനാൽ പറന്നെത്തിയ തേനീച്ചയായിരിക്കുമെന്ന് രാജുവിെൻറ അനുജൻ അനിൽ പറഞ്ഞു. ഒന്നര വർഷം മുമ്പ് സമീപ പ്രദേശത്ത് ഒരു വീട്ടമ്മ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.