കുറ്റ്യാടി ചുരത്തിൽ വാഹനങ്ങൾ കത്തിനശിക്കുന്നത് തുടർക്കഥ
text_fieldsകുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരംറൂട്ടിൽ വാഹനങ്ങൾ കത്തിനശിക്കുന്നത് തുടർക്കഥയാവുമ്പോൾ ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാവുന്നു. മൂന്ന് കൊല്ലത്തിനിടയിൽ ചുരത്തിൽ നാലു ട്രാവലർ, നാലു കാർ, രണ്ടു ബൈക്ക് എന്നിവ തീപിടിച്ച് കത്തി നശിച്ചതായി നാട്ടുകാർ പറയുന്നു. തീപിടിത്തമുണ്ടായാൽ നാദാപുരം ചേലക്കാട്നിന്ന് അഗ്നി രക്ഷസേന ഓടിയെത്തുമ്പോഴേക്കും വാഹനങ്ങൾ പൂർണമായി ചാമ്പലായിരിക്കും.
വാഹനാപകടങ്ങളുണ്ടാവുമ്പോഴും അഗ്നി രക്ഷസേനയെത്താൻ വൈകും. നിരവധി വാഹനങ്ങൾ മറിഞ്ഞും ജീവഹാനിയുണ്ടായിട്ടുണ്ട്. ചുറം റോഡിന്റെ അശാസ്ത്രീയതയാണ് തീപിടിത്തത്തിനും അപകടങ്ങൾക്കും കാരണമായി ഡ്രൈവർമാർ പറയുന്നത്. തൊട്ടിൽപാലം മുതൽ പൂതംപാറവരെ ഉയർന്ന കയറ്റമാണ്. അവിടെ എത്തുമ്പോഴേക്കും വാഹനങ്ങൾ നന്നായി ചൂടാവും.
ചുരം കയറുമ്പോഴാണ് തീപിടിക്കുന്നത്. മുമ്പ് പൂതംപാറയിൽ നിർത്തിയിട്ട് വെള്ളമൊഴിച്ച് തണുപ്പിച്ചാണ് വാഹനങ്ങൾ ചുരം കയറിയിരുന്നത്. അതിനാൽ തീപിടിത്തം ഉണ്ടായിരുന്നില്ല. ഇപ്പോൾ വാഹനങ്ങളിൽ കൂളിങ് സംവിധാനം ഉള്ളതിനാൽ വെള്ളം ഒഴിക്കുന്ന ഏർപ്പാടില്ല. കഴിഞ്ഞ ദിവസം നാലാം വളവിലാണ് വളയത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന ട്രാവലർ കത്തിനശിച്ചത്.
എന്നാൽ, വാഹനങ്ങളുടെ പഴക്കവും എക്സ്ട്രാ ഫിറ്റിങ്ങുകളും കാരണമുണ്ടാവുന്ന ഷോർട്ട് സർക്യൂട്ടുമാണ് വാഹനങ്ങൾക്ക് തീപിടക്കാൻ കാരണമായി ചിലർ പയറുന്നത്. കഴിഞ്ഞ ദിവസം കത്തിനശിച്ച വാഹനത്തിന് പഴക്കമുണ്ടായിരുന്നു. അധിക വാഹനങ്ങളിലും തീ കെടുത്താനുള്ള സംവിധാനങ്ങളില്ല. ഇതിനാൽ ഡ്രൈവർക്കും യാത്രക്കാർക്കും നോക്കിനിൽക്കാനേ കഴിയൂ. ഏതാനും മാസം മുമ്പ് ഒരു കാറിന് തീപിടിച്ചപ്പോൾ നാട്ടുകാരാണ് തീയണച്ച് രക്ഷപ്പെടുത്തിയത്. നിലവിൽ പൂതംപാറയിൽനിന്ന് 18.4 കിലോ മീറ്റർ അകലെ നാദാപുരം ചേലക്കാടാണ് അഗ്നിരക്ഷാ കേന്ദ്രമുള്ളത്. ഓടിയെത്താൻ 40 മിനിറ്റോളം വേണം. തൊട്ടിൽപാലത്തോ കുറ്റ്യാടിയിലോ അഗ്നിരക്ഷാ കേന്ദ്രമുണ്ടെങ്കിൽ ഉടൻ രക്ഷാ പ്രവർത്തനം നടത്താം. മുമ്പ് ഇരു സ്ഥലങ്ങളിലും അഗ്നിരക്ഷാ കേന്ദ്രമാരംഭിക്കാൻ സാധ്യത ആരാഞ്ഞപ്പോൾ സ്ഥലമില്ലാത്തതിനാൽ നഷ്ടപ്പെടുകയായിരുന്നു.
കുറ്റ്യാടി അഗ്നിരക്ഷാ കേന്ദ്രം ന്യായമായും കിട്ടേണ്ട പ്രദേശം -കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ
കുറ്റ്യാടി: ന്യായമായും അഗ്നിരക്ഷാ കേന്ദ്രം ലഭിക്കേണ്ട പ്രദേശമാണ് കുറ്റ്യാടി. അനുയോജ്യമായ സ്ഥലവും റേഗഡുമുണ്ടെങ്കിൽ നമുക്ക് ആവശ്യപ്പെടാം. ടൗണിൽ ചെറുപുഴക്കരയിലെ സ്നേഹതീരം പുറമ്പോക്ക് നികത്തിയെടുത്താൽ അഗ്നിരക്ഷാ കേന്ദ്രത്തിന് സ്ഥലം കണ്ടെത്താനും സർക്കാറിനോട് ആവശ്യപ്പെടാനും കഴിയും. ഇപ്പോൾ കുറ്റ്യാടി ഗവ. ആശുപത്രിയുടെ പുതിയ കെട്ടിടം നിർമിക്കാൻ നീക്കുന്ന മണ്ണ് പുഴത്തീരത്ത് തള്ളുന്നുണ്ടെന്നും ചെറുപുഴ പാലത്തിന് സമീപത്തു കൂടി ഇവിടേക്കുള്ള റോഡ് വീതി കൂട്ടിയാൽ ഫയർ എൻജിൻ പോകാൻ വഴിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.