അച്ചടക്ക നടപടികൾക്കെതിരെ രോഷം: കുറ്റ്യാടിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ വൈകുന്നു
text_fieldsകുറ്റ്യാടി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ചവക്കെതിരെ അച്ചടക്ക നടപടിയെടുത്തതിൽ പ്രതിഷേധം പുകയുന്നതിനിടെ കുറ്റ്യാടിയിൽ പലയിടത്തും പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നില്ല. ഊരത്ത് സ്കൂൾ, കൂരാറ, വളയന്നൂർ, നൊട്ടിക്കണ്ടി, പൂളത്തറ ബ്രാഞ്ച് സമ്മേളനങ്ങളാണ് ബാക്കിയുള്ളത്. നവംബർ 7, 8 തീയതികളിൽ നടക്കുന്ന ലോക്കൽ സമ്മേളനത്തിന് മുമ്പെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. 14 ബ്രാഞ്ചുകളുള്ളതിൽ പത്ത് എണ്ണത്തിലാണ് സേമ്മളനം നടന്നത്.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു കൊടുക്കാനുള്ള സി.പി.എം തീരുമാനത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തവർക്കെതിരെയാണ് അച്ചടക്ക നടപടി ഉണ്ടായത്. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കുകയും, നിരവധി ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഊരത്ത് സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽനിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയിരുന്നു. കൂരാറ ബ്രാഞ്ച് സെക്രട്ടറി ആറ് മാസത്തേക്ക് സസ്പെൻഷനിലാണ്. കൂരാറയിൽ ഇതുവരെ ബ്രാഞ്ച് യോഗങ്ങൾപോലും നടത്താനായിട്ടില്ലെന്ന് പറയുന്നു.
ബ്രാഞ്ച് യോഗത്തിന് നേതൃത്വം നൽകാനെത്തുന്ന ലോക്കലിലെ അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾക്കും മെംബർമാർക്കും രൂക്ഷ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. കുറ്റ്യാടിയിൽ പാർട്ടിയുടെ അന്വേഷണ കമീഷൻ നിലവിൽ വരും മുമ്പെയാണ് ആരോപണ വിധേയർക്കെതിരെ നടപടിയുണ്ടായതെന്ന് നടപടിക്കിരയായവർ പറയുന്നു. ഇത് ചില ബ്രാഞ്ചുകളിൽ പ്രവർത്തകർ ചോദ്യം ചെയ്യുന്നു. കാരണം കാണിക്കൽ നോട്ടീസിന് സത്യസന്ധമായി മറുപടി പറഞ്ഞവർക്കെതിരെ നടപടിയും അല്ലാത്തവരെ നടപടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതായും വിമർശനമുണ്ട്.
പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിയെടുത്തപ്പോൾ പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറിമാരിൽ പ്രകടനത്തിൽ പങ്കെടുത്തവരുമുണ്ടെന്ന് പ്രവർത്തകർ പറയുന്നു. നടപടിക്ക് ഇരയായവരെ പാർട്ടി ഉത്തരവാദിത്തത്തിൽനിന്ന് മാത്രമാണ് മാറ്റിനിർത്തുകയെന്നും വർഗ ബഹുജന പ്രസ്ഥാനങ്ങളിൽ തുടരുന്നുണ്ടെന്നും നേതൃത്വം പറയുമ്പോൾ ഊരത്ത് ബ്രാഞ്ച് സെക്രട്ടറി ഷിജിലിനെ മറ്റ് സ്ഥാനങ്ങളിൽനിന്നും മാറ്റിയതായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കാത്തതിനെ സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഏരിയ കമ്മിറ്റി നിർദേശിച്ച പ്രകാരം എല്ലാം നടത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബാക്കിയുള്ള നാല് ബ്രാഞ്ചിലും ഒക്ടോബർ 4, 6, 8, 10 തീയതികളിലായാണ് നടക്കുന്നതെന്നും പറഞ്ഞു. മറ്റ് പഞ്ചായത്തുകളിൽ നടക്കുന്നതിനേക്കാൾ ഭംഗിയിലും ചിട്ടയിലുമാണ് കുറ്റ്യാടിയിൽ സമ്മേളനങ്ങൾ നടക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.