പ്രതിഷേധം കൊണ്ടല്ല കുഞ്ഞമ്മദുകുട്ടിയെ സ്ഥാനാർഥിയാക്കിയത്; കുറ്റ്യാടിയിൽ പുറത്താക്കിയവർക്ക് താക്കീതുമായി സി.പി.എം
text_fieldsകുറ്റ്യാടി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് അനുവദിച്ച കുറ്റ്യാടി സീറ്റ് സി.പി.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതുകൊണ്ടാണ് കെ.പി. കുഞ്ഞമ്മദുകുട്ടിക്ക് കൊടുത്തതെന്ന വിചാരം വേണ്ടെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശൻ.
കുറ്റ്യാടി ലോക്കൽ സമ്മേളനത്തിെൻറ സമാപന സമ്മേളനത്തിലാണ് പുറത്താക്കപ്പെട്ടവർക്ക് താക്കീതെന്നവണ്ണം തെരുവിൽതന്നെ വിശദീകരണം നൽകിയത്. അപ്രകാരം ധരിച്ചുവെക്കുന്നവർ ഇപ്പോഴും പാർട്ടിയിലുണ്ട്. സി.പി.എം സംസ്ഥാന-ജില്ല നേതാക്കൾ കേരള കോൺഗ്രസ് നേതാക്കളോട് അഭ്യർഥിച്ച പ്രകാരം അവർ സീറ്റ് തിരിച്ചു നൽകുകയായിരുന്നു. പ്രസ്തുത സീറ്റിൽ കുഞ്ഞമ്മദ് കുട്ടി മാത്രമേ യോഗ്യനായുള്ളൂ എന്ന അഭിപ്രായവും ചിലർക്കുണ്ടായിരുന്നു- കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയവരെ ഉദ്ദേശിച്ച് ദിനേശൻ പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിെൻറ പേരിൽ 42 പേർക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. കുറ്റ്യാടിയിൽതന്നെ ജീവിക്കുന്ന, പാർട്ടിയുടെ ജില്ലയിലെ ഉയർന്ന വേദിയായ ജില്ല സെക്രട്ടറിയേറ്റ് അംഗമായ കുഞ്ഞമ്മദുകുട്ടിക്ക് കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടക്കുന്നത് പാർട്ടി നേതൃത്വത്തിെൻറ ശ്രദ്ധയിൽപെടുത്തി ഇല്ലാതാക്കാനായില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സെക്രേട്ടറിയറ്റ് അംഗത്വത്തിൽനിന്ന് തരംതാഴ്ത്തിയതെന്നും ദിനേശൻ പറഞ്ഞു.
സി.പി.എം കുറ്റ്യാടി ലോക്കൽ സമ്മേളനം
കുറ്റ്യാടി: രാമനെ വർഗീയമായി ഉപയോഗിക്കാൻ ബി.ജെ.പിക്ക് വഴിതുറന്നുകൊടുത്തതും ഇന്ത്യയുടെ മണ്ണിൽ വർഗീയതക്ക് വേരോട്ടം നടത്തിയതും കോൺഗ്രസാണെന്ന് ഡി.െവെ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹീം. പെട്രോൾ ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ സമരം ചെയ്യാൻ കോൺഗ്രസിന് ഒരു ധാർമികതയുമില്ലെന്നും എ.എ. റഹീം പറഞ്ഞു. സി.പി.എം കുറ്റ്യാടി ലോക്കൽ സമ്മേളന സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോക്കൽ സെക്രട്ടറി എ.എം. റഷീദ് അധ്യക്ഷത വഹിച്ചു. കെ.കെ. ദിനേശൻ, കുന്നുമ്മൽ കണാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.