മാതാവിന്റെ മരണം: മന്ത്രി അഹമ്മദിനെ അനുശോചനമറിയിക്കാൻ മുഖ്യമന്ത്രിയെത്തി
text_fieldsകുറ്റ്യാടി: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് പുത്തലത്ത് മറിയം ഹജ്ജുമ്മയുടെ നിര്യാണവാർത്തയറിഞ്ഞ് അനുശോചനമറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദേവർകോവിലെ വീട്ടിലെത്തി. ശനിയാഴ്ച വൈകീട്ട് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
വൈകീട്ട് ഏഴേകാലിന് എത്തിയ അദ്ദേഹം പത്തു മിനിറ്റോളം അവിടെ ചെലവഴിച്ചു. മരണം ജീവിതത്തിന്റെ അനിവാര്യതയായതിനാൽ സഹിക്കുകയും സമാധാനിക്കുകയും ചെയ്യുക എന്ന് മുഖ്യമന്ത്രി, മന്ത്രി അഹമ്മദിനോടും ബന്ധുക്കളോടും പറഞ്ഞു. രാവിലെ ഒമ്പതിന് തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
സഹോദരി പൂക്കാട് ഖദീജയുടെ വീട്ടിലായിരുന്നു അവർ ഉണ്ടായിരുന്നത്. മന്ത്രി പി. പ്രസാദ്, എം.എൽ.എമാരായ ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ലതിക, ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. നഫീസ(കുറ്റ്യാടി), ഒ.പി. ഷിഷിൽ (കായക്കൊടി), കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഐ.എൻ.എൽ സ്റ്റേറ്റ് വർക്കിങ് കൺവീനർ വി. ഹംസഹാജി, സെക്രട്ടറി എം.എ. ലതീഫ്, നാഷനൽ ലേബർ യൂനിയൻ പ്രസിഡന്റ് എ.പി. മുസ്തഫ, എൻ.വൈ.എൽ സംസ്ഥാന സെക്രട്ടറി നാസർ കൂരാറ, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
മിനിറ്റുകളിലൊതുങ്ങിയ സന്ദർശനം; മണിക്കൂറുകൾ നീണ്ട സന്നാഹം
കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയത് വൻ സന്നാഹം. രാത്രി 7.15ന് എത്തിയ മുഖ്യമന്ത്രി 10 മിനിറ്റോളമാണ് വീട്ടിൽ ചെലവഴിച്ചത്. എന്നാൽ, മുഖ്യമന്ത്രി വരുമെന്ന് ഉച്ചക്ക് വിവരം ലഭിച്ചതു മുതൽ സുരക്ഷ സംവിധാനങ്ങൾ ആരംഭിച്ചിരുന്നു. നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികൾ. മന്ത്രി അഹമ്മദിന്റെ തറവാട് വീടായ പുത്തലത്ത് വീടിന്റെ പരിസരത്ത് സർവസന്നാഹങ്ങളുമായി പൊലീസ് നിലയുറപ്പിച്ചിരുന്നു. ബോംബ് സ്ക്വാഡ് മന്ത്രിയുടെ വീടും പരിസരവും പരിശോധിച്ചു.
സ്വീകരിച്ചിരുത്താൻ കരുതിവെച്ച മുറി മെറ്റൽ ഡിറ്റക്ടർകൊണ്ട് പരിശോധിച്ചശേഷം പൂട്ടിയിട്ടു. കുറ്റ്യാടി, ദേവർകോവിൽ ടൗണുകളിൽ സി.ഐമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു. ആംബുലൻസ്, അഗ്നിരക്ഷാസേന എന്നിവയും ഒരുക്കിനിർത്തി. മുഖ്യമന്ത്രി കുറ്റ്യാടിയിൽ എത്താറായതോടെ പൊലീസ് ഗതാഗതം തടഞ്ഞ് വഴിയൊരുക്കി. ദേവർകോവിൽ-പൂക്കാട് റോഡും അടച്ചു. അതിനുമുമ്പേ വൻ ജനാവലി മുഖ്യമന്ത്രിയെ കാണാൻ നേരേത്ത സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട്ടുനിന്ന് മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നെങ്കിലും എം.എൽ.എമാർക്കും സി.പി.എം നേതാക്കന്മാർക്കും അദ്ദേഹത്തോടൊപ്പം ഓടിയെത്താൻ കഴിഞ്ഞില്ല. ഗതാഗതക്കുരുക്കിൽ കുടുങ്ങിയ അവർ മുഖ്യമന്ത്രി തിരിച്ചുപോയ ശേഷമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.