വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ വൈകാനിടയായ സംഭവം; ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെടും-പഞ്ചായത്ത് പ്രസിഡന്റ്
text_fieldsകുറ്റ്യാടി: സ്വകാര്യ ആശുപത്രി ഡിസ്ചാർജ് രേഖയിൽ രോഗത്തെ കുറിച്ചോ മരണ കാരണത്തെക്കുറിച്ചോ സൂചിപ്പിക്കാത്തതിന്റെ പേരിൽ വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ വൈകാനിടയായ സംഭവത്തിൽ ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി, ഡി.എം.ഒ എന്നിവർക്ക് സർവകക്ഷിയുടെ പേരിൽ പരാതി നൽകാൻ തീരുമാനിച്ചതായി നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടോളി, സി.പി.എം ലോക്കൽ സെക്രട്ടറി നാസർ എന്നിവർ അറിയിച്ചു.
പൂവാറക്കൽ ഗീതയുടെ (54) മൃതദേഹമാണ് സ്രവ പരിശോധന റിപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ ആരോഗ്യ വകുപ്പ് വിലക്കിയതിനാൽ ബുധനാഴ്ച രാത്രിവരെ സംസ്കരിക്കാൻ ബന്ധുക്കൾ കാത്തിരിക്കേണ്ടി വന്നത്. പനിബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് ഗീത മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11ന് സംസ്കാര നടപടിക്കിടെ എത്തിയ ആരോഗ്യ വകുപ്പ് ആശുപത്രിയിലെ ഡിസ്ചാർജ് രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ, ചികിത്സയുടെയോ ലാബ് പരിശോധനകളുടെയോ വിവരങ്ങൾ ലഭിക്കാത്തതിനാൽ മൃതദേഹത്തിന്റെ സ്രവ പരിശോധന നടത്തണമെന്ന് നിർദേശിച്ചു. ഫലം ലഭിക്കുന്നതുവരെ മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനും നിർദേശം നൽകി.
നരിപ്പറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം സ്രവ സാമ്പിൾ ശേഖരിച്ച് മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. വൈകീട്ട് ലഭിച്ച പരിശോധന റിപ്പോർട്ടിൽ പകർച്ച വ്യാധികൾ ഒന്നും കണ്ടെത്താത്തതിനാൽ മൃതദേഹം രാത്രിയാണ് വിട്ടുകൊടുത്തത്. നേരത്തെ അമ്മയുടെ ചികിത്സാർഥം ഗീത ഇതേ ആശുപത്രിയിൽ ഏതാനും ദിവസം നിന്നിരുന്നു. അവിടുന്ന് തിരിച്ചുവന്ന ശേഷമാണ് പനി ബാധിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലാണ് ഗീതയെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ പണം അടച്ച വിവരങ്ങളല്ലാതെ മറ്റൊന്നും ഡിസ്ചാർജ് രേഖയിൽ ഇല്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ചികിത്സ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിൽ സംസ്കാരം വൈകാനും കുടുംബം ഉത്കണ്ഠയിലാകാനും ഇടവരില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയുമായി ബന്ധപ്പെട്ടിട്ടും പരിശോധന വിവരങ്ങൾ ലഭിച്ചില്ലത്രെ. ഒരപ്പിൽ കോരന്റെയും നാരായണിയുടെ മകളാണ് ഗീത. ഭർത്താവ്: രാജൻ. മക്കൾ: രാഗി, രാഹുൽ. മരുമക്കൾ: ശ്രുതി, അനീഷ്. സഹോദരങ്ങൾ: സുരേന്ദ്രൻ, സുധ, സുകേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.