ജോലി നിഷേധം: യുവതിയും കുടുംബവും നടത്തുന്ന സമരം 201 ദിവസം പിന്നിട്ടു
text_fieldsകുറ്റ്യാടി: ഭാര്യക്ക് വാഗ്ദാനം ചെയ്ത ഹിന്ദി അധ്യാപക ജോലി മാനേജ്മെന്റ് നിഷേധിച്ചെന്നാരോപിച്ച് സ്കൂൾ കമ്മിറ്റിയംഗവും കുടുംബവും സ്കൂളിനു മുന്നിൽ നടത്തുന്ന സമരം 201 ദിവസം പിന്നിട്ടിട്ടും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്ക് മൗനം. അമ്പലക്കുളങ്ങരയിലെ കുനിയിൽ അനിലാണ് പണം നൽകിയിട്ടും ഭാര്യ നിജുലക്ക് ജോലി നൽകാത്ത മാനേജ്മെന്റ് നടപടിക്കെതിരെ സ്കൂളിനു മുന്നിലെ നടപ്പാതയിൽ കുടുംബാംഗങ്ങളെ മുഴുവൻ കൂട്ടി വെയിലും മഴയും സഹിച്ച് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്നത്.
2019ലാണ് ആദ്യമായി സമരം തുടങ്ങിയത്. 86 ദിവസം നീണ്ട സമരം പഞ്ചായത്ത് പ്രസിഡന്റും സാമൂഹിക പ്രവർത്തകരും മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് അവസാനിപ്പിച്ചിരുന്നു. നിജുലക്ക് ജോലി നൽകാമെന്ന മധ്യസ്ഥ തീരുമാനം ലംഘിച്ച് വേറെയാൾക്ക് നിയമനം നൽകി വഞ്ചിച്ചതോടെയാണ് കൊടുത്ത പണം തിരിച്ചു കിട്ടാനായി വീണ്ടും സമരത്തിന് ഇറങ്ങിയതെന്ന് അനിൽ പറഞ്ഞു.
എന്നാൽ, അനിലിൽനിന്ന് മാനേജ്മെന്റ് പണം വാങ്ങിയിട്ടില്ലെന്ന് സ്കൂൾ മാനേജർ അരയില്ലത്ത് രവി പറഞ്ഞു. ഒരു ഭാരവാഹിയാണ് പണം വാങ്ങിയതെന്നും അദ്ദേഹത്തെ കമ്മിറ്റി പുറത്താക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. സ്കൂൾ സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ നാലംഗ ഉപസമിതി രൂപവത്കരിച്ച് അനിലിന്റെ പണം തിരിച്ചു നൽകാൻ ചർച്ച നടത്തിയിരുന്നു.
കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് സ്കൂൾ സൊസൈറ്റി. പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ സമ്മർദത്തെത്തുടർന്ന് ഡി.സി.സി പ്രസിഡന്റ് ഇടപെട്ടതായും അറിയിച്ചു. എന്നാൽ, നാട്ടിലെ മറ്റു പല സമരങ്ങളിലും ഇടപെട്ട സി.പി.എം അടക്കം പാർട്ടികൾ ഇത്രയും കാലമായിട്ടും ഈ പ്രശ്നത്തിൽ ഇടപെടാത്തതിൽ ദുരൂഹതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.