കോടികൾ മുടക്കിയിട്ടും വെള്ളക്കെട്ടിന് പരിഹാരമില്ല
text_fieldsകുറ്റ്യാടി: ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കോടികൾ മുടക്കിയിട്ടും പൂർണപരിഹാരമായില്ല. രണ്ട് കോടി എസ്റ്റിമേറ്റിൽ ഓവുചാൽ നവീകരണം ഉൾപ്പെടെ പദ്ധതി നടപ്പാക്കിയപ്പോഴാണ് വയനാട് റോഡിൽ ചെറിയ മഴ പെയ്തപ്പോഴേക്കും വെള്ളം കയറിയത്. ഓവിൽ വെള്ളം നിറഞ്ഞ് റോഡിലേക്ക് കയറുകയായിരുന്നെന്ന് വ്യാപാരികൾ പറഞ്ഞു. വയനാട് റോഡിൽ കിഴക്ക് ഭാഗത്ത് ചെറുപുഴയിലേക്ക് തുറക്കുന്ന തരത്തിലും പടിഞ്ഞാറ് ഭാഗത്ത് മുക്കത്ത്താഴ വഴി കുറ്റ്യാടി പുഴയിൽ വെള്ളം എത്തുന്ന രീതിയിലുമാണ് ഓവുചാൽ സംവിധാനിച്ചത്. പഴയ ഓവുകൾ വിസ്താരം കുറയുകയും തകരുകയും ചെയ്തതിനാലാണ് ടൗൺ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിച്ചത്.
മുൻകാലങ്ങളിൽ കനത്ത മഴ പെയ്താൽ മാത്രമാണ് വെള്ളം റോഡിലെത്തിയിരുന്നതെന്നും കഴിഞ്ഞദിവസം പകൽ ചെറിയ മഴ പെയ്തപ്പോഴേക്കും ഓവ് കവിഞ്ഞ് വെള്ളം കയറിയതായും വ്യാപാരികൾ പറഞ്ഞു. എന്നാൽ, നിർമാണ പ്രവൃത്തിയുടെ ഭാഗമായി ഓവുകളിലുണ്ടായിരുന്ന അവശിഷ്ടങ്ങളും ടൗണിലെ മാലിന്യവും അടിഞ്ഞ് തടസ്സമുണ്ടായതാണെന്നും അത് നീക്കം ചെയ്യാൻ കരാറുകാർക്ക് നിർദേശം നൽകിയതായും ഓവുചാൽ പ്രവൃത്തി പൂർത്തിയാവാനുണ്ടെന്നും പി.ഡബ്ല്യു.ഡി അസി. എൻജിനീയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.