പരിസ്ഥിതിലോല മേഖല: മലയോരത്ത് ആശങ്ക
text_fieldsകുറ്റ്യാടി: മലബാർ വന്യജീവി സങ്കേതത്തിെൻറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമാക്കുന്നതിൽ മലയോര മേഖലകളിൽ ആശങ്ക. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ കരടു വിജ്ഞാപനമനുസരിച്ച് ജില്ലയിലെ ചെമ്പനോട, ചക്കിട്ടപാറ, ചങ്ങരോത്ത്, പേരാമ്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കെടവൂർ, കട്ടിപ്പാറ, വയനാട് ജില്ലയിലെ തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക വില്ലേജുകൾ മലബാർ വന്യജീവി സങ്കേതത്തിെൻറ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടും.
ഈ വില്ലേജുകളിൽ ജനജീവിതം ദുരിതപൂർണമാക്കുന്ന നിബന്ധനകളാണ് കരടുവിജ്ഞാപനത്തിലുള്ളത്. അന്തിമ വിജ്ഞാപനം വന്നുകഴിഞ്ഞാൽ വലിയ നിർമാണങ്ങൾക്കും വ്യവസായങ്ങൾക്കും ഖനനത്തിനും നിയന്ത്രണം വരും. ഭവനനിർമാണം നടത്തുന്നതിനും ചെറുകിട വ്യവസായം തുടങ്ങുന്നതിനും പുതിയ റോഡ് നിർമിക്കുന്നതിനു മറ്റും മുൻകൂർ അനുമതി നേടേണ്ടിവരും.
യഥേഷ്ടം കൃഷി നടത്താനും നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനും കഴിയാത്ത സാഹചര്യം സംജാതമാകും. പരിസ്ഥിതിലോല മേഖലയിലെ ജനങ്ങളുടെ പൗരാവകാശങ്ങളിലുള്ള കടന്നുകയറ്റത്തിനു വിജ്ഞാപനം വഴിയൊരുക്കുമെന്നാണ് ആശങ്ക. ഉദ്യമത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. റഫീഖ് ഓർമ അധ്യക്ഷത വഹിച്ചു. ജോസ് ജോർജ്, കുഞ്ഞോക്കൻ, ടി.ജെ. എബ്രഹാം, സി.കെ.കെ. അബ്ദുല്ല, ഗീവർഗീസ്, ഫിറോസ് വടകര, അബ്ദുറസാഖ്, ബഷീർ, നസീർ, സ്റ്റെഫിൻ, കോയോട്ടി, ഡോ. സുമം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.