യുക്രെയ്ൻ: മക്കൾ തിരിച്ചെത്തുന്നത് കാത്ത് പ്രാർഥനയോടെ കുറ്റ്യാടിയിലെ കുടുംബങ്ങൾ
text_fieldsകുറ്റ്യാടി: യുക്രെയ്നിൽ യുദ്ധം രൂക്ഷമായതോടെ നാട്ടിലേക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥികളായ മക്കൾ വീട്ടിൽ തിരിച്ചെത്തുന്നത് കാത്ത് പ്രാർഥനയുമായി കുടുംബങ്ങൾ. വിനിസ്റ്റിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ വിദ്യാഥികളായ കുറ്റ്യാടിയിലെ വായാട്ട് എൻ.പി. അബ്ദുറഹീമിന്റെ മകൾ സാനിയ റഹീം, മുണ്ടക്കുറ്റിയിൽ കെ.എം. ഫൈസലിന്റെ മകൾ റാനിയ, പാലേരിയിലെ കുന്നത്തുമ്മൽ ഗഫൂറിന്റെ മകൾ ഫിദ എന്നിവർ യുക്രെയ്ൻ അതിർത്തി വഴി റുമേനിയയിലേക്ക് പുറപ്പെട്ടതായാണ് വിവരം.
ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് നാലിന് മലയാളി വിദ്യാർഥികളുടെ സംഘം ബസിൽ കയറുന്ന വിഡിയോ വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ബസിൽ കയറാൻ വന്നെങ്കിലും തിരിച്ചിറക്കുകയായിരുന്നത്രെ. യുദ്ധം തുടങ്ങിയതോടെ കോളജ് അടച്ചതിനാൽ ഹോസ്റ്റലും ബങ്കറിലുമായാണ് കഴിഞ്ഞത്.
സൈറൺ മുഴങ്ങുമ്പോൾ എല്ലാവരെയും ബങ്കറിലേക്ക് മാറ്റും. പാചക വാതക വിതരണം നിർത്തിവെച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 12 നാണ് ഇവർ ഏജൻസി മുഖേന മെഡിക്കൽ പഠനത്തിനു പോയത്. കൊണ്ടുപോയ ഏജൻസിതന്നെയാണ് മടക്കയാത്രക്കുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു. പലായനം ചെയ്യുന്ന യുക്രെയ്ൻ സേന തടഞ്ഞുവെക്കുന്നതായ വാർത്ത ഇവരെ ഉത്കണ്ഠയിലാക്കുന്നു.
എന്നാൽ, നാട്ടുകാരെ മാത്രമാണ് ഇപ്രകാരം തടയുന്നതെന്നും അതിനാൽ വിദേശികൾക്ക് എത്താൻ കഴിയുമെന്ന വാർത്തകളും ഇവർക്ക് ആശ്വാസമേകുന്നു. യാത്രയിൽ തടസ്സളൊന്നുമുണ്ടായിട്ടില്ലെന്നും ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ റുമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. അവിടെനിന്നാണ് ഇന്ത്യക്കാർക്ക് നാട്ടിലേക്ക് വിമാനം ലഭ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.