പുലിഭീതി: പശുക്കടവിൽ കൂടുതൽ നിരീക്ഷണ കാമറ സ്ഥാപിക്കും
text_fieldsകുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് പൃക്കൻതോട് വളർത്തുപട്ടിയെ പുലി കൊന്നുതിന്ന സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജെറോം അറിയിച്ചു. പുലിഭീഷണിയുമായി ബന്ധപ്പെട്ട് ഇ.കെ. വിജയൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ പശുക്കടവിൽ നടന്ന സർവകക്ഷി യോഗത്തിൽ പുലിയെ പിടിക്കാൻ സ്ഥാപിച്ച ഒരു കൂട് അപര്യാപ്തമാണെന്നും അഞ്ച് കൂടുവേണമെന്നും ആവശ്യമുയർന്നു. കോനാട്ട് സന്തോഷിന്റെ വീട്ടിലെ വളർത്തു പട്ടിയെയാണ് ഞായറാഴ്ച പുലർച്ച പുലി പിടിച്ചത്. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാൽപാട് പരിശോധിച്ചാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് ഞായറാഴ്ച വൈകീട്ട് ഒരു കൂടും രണ്ട് നിരീക്ഷണ കാമറകളും സ്ഥാപിച്ചു. പുലിയെ ആദ്യം കണ്ട എക്കലിൽ നാലു ദിവസം മുമ്പ് രണ്ട് കാമറ സ്ഥാപിച്ചിരുന്നു. കൂടുകൾ സ്ഥാപിക്കാൻ എം.എൽ.എ മുഖേന വനം വകുപ്പിനോട് ആവശ്യപ്പെടും. രാത്രി പ്രദേശത്ത് വാച്ചർമാരെ നിയമിക്കുമെന്നും ഫെൻസിങ് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കുമെന്നും ആർ.ആർ.ടി സംഘത്തെ നിരീക്ഷണത്തിന് നിയോഗിക്കുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു. പുലിയും മറ്റ് വന്യ ജീവികളും ഒളിക്കാൻ സാധ്യതയുള്ള സ്വകാര്യ ഭൂമികളിൽ വളർന്നു നിൽക്കുന്ന കാട് വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നോട്ടീസ് കൊടുക്കാൻ യോഗം വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. എക്കലിൽ കെ.എസ്.ഇ.ബിയുടെ പതിനെട്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പൂഴിത്തോട് മിനി ജലവൈദ്യുത പ്രദേശം കാടുപിടിച്ചു കിടക്കുകയാണെന്നും അവ വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കണമെന്നും പദ്ധതി വിഭാഗം അസി. എൻജിനീയേറോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സി.പി. ബാബുരാജ്, കെ.എസ്.ഇ.ബി എ.ഇ കെ. അഖിൽ, വില്ലേജ് ഓഫിസർ ആർ. ശ്രീനാഥ്, തൊട്ടിൽപാലം എസ്.ഐ വിഷ്ണു, കെ.സി. സൈനുദ്ദീൻ, ബാബു, ടി. അനീഷ്, പഞ്ചായത്ത് മെംബർമാരായ ഡെന്നിസ്, അജിത, മുൻ മെംബർ ബീന, സെബാസ്റ്റ്യൻ, ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.