കുറ്റ്യാടിയിൽ മൂന്നുനില കെട്ടിടത്തില്‍ തീപിടിത്തം
text_fieldsകുറ്റ്യാടി: നഗരഹൃദയത്തിലുണ്ടായ തീപിടിത്തം നാട്ടുകാരെ ഭീതിയിലാക്കി. വയനാട് റോഡ് കവാടത്തിൽ തിരുമംഗലത്ത് മനാഫിന്റെ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടത്തില്‍നിന്നാണ് വെള്ളിയാഴ്ച വൈകീട്ട് തീ ഉയര്‍ന്നത്. ടെറസിൽ കൂട്ടിയിട്ട പഴയ സാധനങ്ങൾക്കാണ് തീപിടിച്ചത്.
കെട്ടിടത്തിൽ പ്രവർത്തിച്ച ഡിഷ് ടി.വി ഷോപ്പിലെ ഒഴിഞ്ഞ പെട്ടികളും ഫർണിച്ചറുകളും കത്തിനശിച്ചു. നാട്ടുകാർ തീ നിയന്ത്രണവിധേയമാക്കി. നാദാപുരത്തുനിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു. അടച്ചിട്ട മുറികൾക്കുള്ളിൽനിന്നാണോ തീ ഉയർന്നതെന്നറിയാൻ ഷട്ടർ പൊളിച്ച് പരിശോധിച്ചു.
ടെറസിന് മുകളിൽനിന്ന് തീ ഉയർന്നതിന്റെ കാരണം വ്യക്തമല്ല. ആളുകൾ ഈ കെട്ടിടത്തിന്റെ മുകളിൽ മറഞ്ഞിരുന്ന് സിഗരറ്റ് വലിക്കാറുണ്ട്. അലക്ഷ്യമായി വലച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്ന് തീപിടിച്ചതായിരിക്കുമെന്നാണ് സംശയം.
ഡിഷ് ടി.വി കടയുടമക്ക് 25,000 രൂപയുടെയും കെട്ടിടത്തിന് 75,000 രൂപയുടെയും നഷ്ടമുണ്ടായി. സ്റ്റേഷൻ ഓഫിസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ പ്രവീൺകുമാർ, സി.കെ. ഷാജു, എം. ജയേഷ്, അനീഷ്, പ്രദീഷ് കുമാർ, കെ.കെ. മനോജ് എന്നിവർ ചേർന്നാണ് തീയണച്ചത്.
രക്ഷാപ്രവർത്തനത്തിന് കുറ്റ്യാടി സി.ഐ ഇ.കെ. ഷിജു, എസ്.ഐ പി. ഷമീർ എന്നിവർ നേതൃത്വം നൽകി. പരാതി ലഭിക്കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ല. കുറച്ചുനേരം വയനാട് റോഡിൽ ഗതാഗതം മുടങ്ങി. പേരാമ്പ്രയില്‍നിന്ന് ഒരു യൂനിറ്റ് അഗ്നിരക്ഷാ സേന എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.