കുറ്റ്യാടി തീപിടിത്തം: പകച്ച് വ്യാപാരികൾ; കൈമെയ് മറന്ന് രക്ഷാപ്രവർത്തകർ
text_fieldsകുറ്റ്യാടി: ടൗണിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ അഗ്നിബാധ വ്യാപാരികളെയും നാട്ടുകാരെയും ഉത്കണ്ഠയിലാക്കി. തൊട്ടുതൊട്ട് കെട്ടിടങ്ങളുള്ള ഭാഗത്ത് ഫാൻസി കടക്ക് കെട്ടിയുണ്ടാക്കിയ ഷെഡിനാണ് തീപിടിച്ചത്.
ആകാശം മുട്ടെ ഉയരുന്ന തീകണ്ട് വ്യാപാരികൾ പകച്ചുപോയി. കടയുടെ മുന്നിലും പിന്നിലും വൻ ശബ്ദത്തോടെ തീ ആളിക്കത്തിയപ്പോൾ രക്ഷാപ്രവർത്തകർ കൈയിൽ കിട്ടിയ ഉപകരണങ്ങളുമായി തീ കെടുത്താൻ ശ്രമിച്ചു. തീ അധികം ബാധിക്കാത്ത കടകളിൽനിന്ന് സാധനങ്ങൾ എടുത്തുമാറ്റി. കിട്ടാവുന്ന വെള്ളം സംഭരിച്ച് തീ കെടുത്താനാരംഭിച്ചു. ആദ്യം തീ പിടിത്തമുണ്ടായ ചന്ദനമഴ ഫാൻസിയുടെ പിൻഭാഗം തീപിടിച്ച് പറമ്പിലെ മരത്തിലും കുട്ടിക്കാടുകളിലും പടർന്നു. അരമണിക്കൂർ കൊണ്ട് ചേലക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി.
കാഴ്ചക്കാരായി നോക്കിനിൽക്കാതെ സേനയുടെ വെള്ളപൈപ്പുകൾ ആളുകൾ തോളിലേറ്റി തീയുടെ ഉറവിട സ്ഥത്തെത്തിച്ചു. നാദാപുരം എ.എസ്.പി, കുറ്റ്യാടി സി.ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും രംഗത്തിറങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
മുഴുവനായും ചാമ്പലായി ചന്ദനമഴ ഫാൻസിയിൽ കഴിഞ്ഞ ദിവസമാണ് വൻതോതിൽ ചരക്ക് ഇറക്കിയത്. കൂടാതെ ഉടമയുടെ പാസ്പോർട്ട് ഉൾപ്പെടെ രേഖകളും കത്തിപ്പോയതായി പറഞ്ഞു. രക്ഷാ പ്രവർത്തനത്തിനിടെ ഡി.വൈ.എഫ്.ഐ മേഖല ജോ. സെക്രട്ടറി ഊരത്ത് ഷിജിലിന് പൊള്ളലേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.
തീ കെടുത്തിയ കെട്ടിടത്തിൽ വീണ്ടും തീപിടിച്ചു
കുറ്റ്യാടി: ടൗണിൽ ശനിയാഴ്ച തീപിടിച്ച് നശിച്ച ചന്ദനമഴ ഫാൻസി കടയിൽ രാത്രി വൈകി വീണ്ടും തീപിടിത്തം. നാദാപുരത്തുനിന്ന് അഗ്നി രക്ഷാസേന വീണ്ടും വന്നാണ് തീ കെടുത്തിയത്. നശിച്ച കെട്ടിടത്തിെൻറ മരാവശിഷ്ടങ്ങൾ പുകഞ്ഞാണ് വീണ്ടും കത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.