കുറ്റ്യാടിയിൽ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു
text_fieldsകുറ്റ്യാടി: ടൗണിൽ വൻ തീപിടുത്തം. നാദാപുരം റോഡിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിലെ നാല് കടകൾ കത്തിനശിച്ചു. ചന്ദനമഴ ഫാൻസി, സോപ്പുകട, ലൈവ് ഫൂട്ട് വെയർ, മാക്സി ഷോപ്പ് എന്നിവയാണ് ശനിയാഴ്ച സന്ധ്യയോടെയുണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ചത്. അടച്ചിട്ട ഫാൻസി കടയുടെ പിൻഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നതെന്നും പിന്നീട് കടക്കുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നും പരിസരത്തെ കടയുടമകൾ പറഞ്ഞു.
ഇവിടെ നിന്ന് തീ പടർന്നാണ് ഇരുവശങ്ങളിലായുള്ള ചെരിപ്പ് കടക്കും സോപ്പുകടക്കും തീ പിടിച്ചത്. തകരഷീറ്റുകൾ കൊണ്ട് താൽക്കാലിക ഷെഡിൽ നിർമിച്ചതാണ് ഫാൻസി കട. വിവിധ ഗൃഹോപകരണൾ എന്നിവയും വ്യാപാര വസ്ത്തുക്കളും കത്തി ചാമ്പലായി. വേളം പെരുവയൽ സ്വദേശി സിദ്ദീഖിന്‍റേതാണ് കട. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. സമീപത്തെ വാർപ്പ് കെട്ടിടത്തിന്‍റെ കോണിക്കൂട്ടിൽ പ്രവർത്തിച്ച സോപ്പുകടയും കത്തി നശിച്ചു.
ചെരിപ്പുകടയിൽ നിന്ന് കുറെ വസ്തുക്കൾ മാറ്റാനായതിനാൽ വലിയ നാശ നഷ്ടങ്ങളില്ല. അടുക്കത്ത് കണ്ണങ്കോടൻ ബഷീറിന്‍റേതാണ് കട. മാക്സി ഷോപ്പും തകര ഷീറ്റിട്ട മേൽക്കൂരയാണ്. ഇതിന്‍റെ സമീപത്തെ കെട്ടിടങ്ങളിലേക്കും കടകളിലേക്കും വ്യാപിച്ചെങ്കിലും അഗ്നി രക്ഷസേനയുടെയും രക്ഷാപ്രവർത്തകരുടെയും കഠിന പ്രയത്നത്താൽ ഒരു മണിക്കൂറിനകം തീ അണച്ചു. സോപ്പുകടയുടെ മേൽ ഭാഗത്ത് ഹൈ ഫാഷൻ തുണിക്കടയാണ്.
തീയുടെ ചൂടിൽ ഗ്ലാസുകൾ പൊട്ടി വീണു. നാദാപുരത്തു നിന്നെത്തിയ രണ്ട് യൂനിറ്റാണ് തീ അണച്ചത്. പേരാമ്പ്രയിൽ നിന്ന് ഒരു യൂനിറ്റും എത്തി. സംഭവ സമയം ടൗണിൽ വൈദ്യുതി വിതരണം നിർത്തിവെച്ചു. ഗതാഗതവും സ്തംഭിച്ചു. നാദാപുരം, കോഴിക്കോട്, വയനാട് റോഡുകളിൽ കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതം നിലച്ചു. കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദിന്‍റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.