അഞ്ച് അധ്യാപകരെ പിരിച്ചുവിട്ടു; സ്കൂളിനു മുന്നിൽ സമരം നടത്തും
text_fieldsകുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്കൂളിൽനിന്ന് അഞ്ച് അധ്യാപകരെ പിരിച്ചുവിട്ടമാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച മുതൽ സ്കൂളിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സി.പി.എം നേതൃത്വത്തിലുള്ള സമര സഹായ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മഹാമാരിയുടെ മറവിൽ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കുകയും, ഇ.പി.എഫ്, ഇ.എസ്.ഐ വിഹിതം പിടിച്ചത് ബന്ധപ്പെട്ട ഓഫിസുകളിൽ അടക്കാത്തത് ചോദ്യം ചെയ്തതിനുമാണ് അധ്യാപകർക്കെതിരെ നടപടിയെടുത്തത്. അൺ എയ്ഡഡ് മേഖലയിലുള്ള കെ.യു.എസ്.ടി.യുവിൽ (സി.ഐ.ടി.യു) പ്രവർത്തിച്ചതിന്റെ പേരിലുമാണ് നടപടി.
നേരത്തെ യൂനിയന്റെ നേതൃത്വത്തിൽ സൂചനസമരം നടത്തിയിരുന്നു. വാർത്തസമ്മേളനത്തിൽ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ടി.കെ. ബിജു, സി.പി.എം ലോക്കൽ സെക്രട്ടറി എ.എം. റഷീദ്, മെംബർമാരായ സി.എൻ. ബാലകൃഷ്ണൻ, പി.സി. രവീന്ദ്രൻ, എം.ടി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ആരോപണങ്ങൾ വസ്തുതവിരുദ്ധം –മാനേജ്മെൻറ് കമ്മിറ്റി
കുറ്റ്യാടി: ഐഡിയൽ സ്കൂൾ മാനേജ്മെന്റ് അധ്യാപകർക്ക് ശമ്പളം നൽകാതെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന സമരസമിതിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് മാനേജ്മെൻറ് കമ്മിറ്റി. കോവിഡ് കാലത്ത് രക്ഷിതാക്കൾ അനുഭവിച്ച സാമ്പത്തിക പ്രതിസന്ധികൾ കാരണം വിദ്യാർഥികൾക്ക് 25 ശതമാനം ഫീസിളവ് നൽകിയതിന്റെ ഭാഗമായി അധ്യാപകരുടെ ശമ്പളം 75 ശതമാനമായി ക്രമീകരിക്കുക മാത്രമാണ് ചെയ്തത്.
മിക്ക സ്ഥാപനങ്ങളും ഇത്തരം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഡിവിഷൻ നഷ്ടം, ഫീസ് കുടിശ്ശിക തുടങ്ങിയവകൊണ്ട് സ്ഥാപനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും അധ്യാപകരുടെ അവധിക്കാല ശമ്പളം ഉൾപ്പെടെ നൽകിയിട്ടുണ്ട്. ചെറിയ ശതമാനം കുടിശ്ശിക മാത്രമേ ആ ഇനത്തിൽ ബാക്കിയുള്ളൂ. അത് മാനേജ്മെന്റിനും അധ്യാപകർക്കുമിടയിൽ മാന്യമായ ചർച്ചയിലൂടെ പരസ്പര ധാരണയുള്ള കാര്യവുമാണ്. ജീവനക്കാരുടെ പി.എഫ് ഇനത്തിൽ അടക്കേണ്ട സംഖ്യയിൽ സിംഹഭാഗവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അടച്ചിട്ടുണ്ട്. തുച്ഛമായ തുക മാത്രമേ അവശേഷിക്കുന്നുള്ളൂ. അക്കാര്യം മാനേജ്മെന്റിനും അധ്യാപകർക്കുമിടയിൽ ധാരണയുള്ള കാര്യമാണ്. ഇ.എസ്.ഐ ഇനത്തിൽ പണമടച്ചില്ല എന്ന ആരോപണം വ്യാജമാണ്. മുഴുവൻ തുകയും അടച്ചിട്ടുണ്ട്.
കോവിഡ്കാല ക്രമീകരണങ്ങളുടെ ഭാഗമായി ജോലി നഷ്ടപ്പെട്ട ചില ജീവനക്കാരെ അക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം ഒഴിവാക്കപ്പെട്ട മുഴുവൻ ജീവനക്കാർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകിയിട്ടുമുണ്ട്. ഐഡിയൽ സ്കൂളിലെ നിലവിലെ അധ്യാപകർ ആരും സമരത്തിനില്ല. മേഖലയിൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നിലനിൽപിനെ തകർക്കുംവിധം കടുത്ത അച്ചടക്ക ലംഘനം നടത്തിയതിനാണ് അധ്യാപകരെ പുറത്താക്കിയത്. അവരെ സംരക്ഷിക്കാൻ സമര സമിതി സ്കൂളിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണെന്നും മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് കെ.പി. നൂറുദ്ദീൻ, ജനറൽ സെക്രട്ടറി അബ്ദുല്ല സൽമാൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.