അധ്യാപനത്തിൽനിന്ന് കൃഷിയിലേക്ക്; ഫ്രാൻസിസിന് അർഹതക്കുള്ള അംഗീകാരം
text_fieldsകുറ്റ്യാടി: സംസ്ഥാനത്തെ ഏറ്റവും നല്ല ജൈവകർഷകനുള്ള അവാർഡ് നേടിയ മരുതോങ്കര മുള്ളൻകുന്നിലെ ഫ്രാൻസിസ് കൈതക്കുളത്തിന് (64) ഇത് അർഹതക്കുള്ള അംഗീകാരം. കായികാധ്യാപകനായിരുന്നു. 2015ൽ വിരമിച്ച ശേഷമാണ് മുഴുസമയ കർഷകനാകുന്നത്. മൂന്നര ഏക്കർ കൃഷിയിടത്തിലാണ് വിജയഗാഥ. തനത് ശൈലിയിൽ സമ്മിശ്ര കൃഷിയും ജൈവവളപ്രയോഗവും നടത്തുന്നു. മികച്ച നാളികേര കർഷകൻ കൂടിയാണ്.
ഇതിനകം 13 അംഗീകാരങ്ങൾ ലഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കർഷകനുള്ള പുരസ്കാരമാണ് ലഭിച്ചത്. തുടർന്ന് കോഴിക്കോട് ‘ആത്മ’ ഇദ്ദേഹത്തെ മാതൃകാ കർഷകനായി തിരഞ്ഞെടുത്ത് കർഷകർക്ക് പരിശീലനം നൽകാൻ നിയോഗിച്ചു. 2017ൽ ജില്ല തല കർഷക കേസരി അവാർഡ് ലഭിച്ചു. നാളികേര വികസന ബോർഡിന്റെ തെങ്ങ് കർഷകനുള്ള അവാർഡും തേടിയെത്തി.
രാസവളം ഉപയോഗിക്കാറില്ല. ചാണകം, ഗോമൂത്രം, പയർപൊടി, കടലപ്പിണ്ണാക്ക്, വെല്ലം, ശീമക്കൊന്നയില, ചുണ്ണാമ്പ്, വെള്ളം തുടങ്ങിയവ ചേർത്ത ജീവാമൃതം, മറ്റു വിവിധതരം ജൈവ വളക്കൂട്ട് എന്നിവയും നിർമിക്കുന്നു. ഈ വളമാണ് എല്ലാ കൃഷിക്കും പ്രയോഗിക്കുന്നത്. തെങ്ങ്, കവുങ്ങ്, ജാതി, കരനെല്ല്, വാഴ, വാനില, ചന്ദനം, കുരുമുളക്, വിവിധ പഴവർഗങ്ങൾ, പച്ചക്കറി, ഇടവിളകൾ തുടങ്ങിയവ കൃഷിചെയ്യുന്നു. തെങ്ങ് രാജാവും ബാക്കി പ്രജകളുമാണെന്നാണ് ഇദ്ദേഹം പറയുന്നത്. മത്സ്യകൃഷി, തേൻ ഉൽപാദനം എന്നിവയും നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.