ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: തളരാതെ നിക്ഷേപകരുടെ സമരം
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങിയ ഉടമകളുടെയും മാനേജ്മെന്റിന്റെയും ഉറക്കംകെടുത്തി നിക്ഷേപകരുടെ അനിശ്ചിതകാല സമരം.
നിരവധിയാളുകളിൽനിന്ന് കോടികളുടെ പൊന്നും പണവും നിക്ഷേപമായി സ്വീകരിച്ചശേഷം ജ്വല്ലറി പൂട്ടി സ്ഥലംവിട്ട കേസിൽ മാസങ്ങളോളം റിമാൻഡിലായിരുന്നവർ പുറത്തിറങ്ങിയിട്ടും വിടാതെ നിക്ഷേപകർ സമരവുമായി പിന്തുടരുകയാണ്. ഇതിനകം ഏതാണ്ടെല്ലാ ഉടമകളുടെയും മാനേജിങ് ഡയറക്ടറുടെയും മാനേജറുടെയും വീട്ടുപടിക്കൽ സമരം നടത്തി. നിക്ഷേപം തിരിച്ചു കിട്ടാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് ഇവരുടെ തീരുമാനം.
ഭൂരിപക്ഷം ഉടകളും നടത്തിപ്പുകാരും താമസിക്കുന്ന കുളങ്ങരത്താഴ കേന്ദ്രീകരിച്ചാണ് സമരം. ഇവിടെനിന്ന് കുറ്റ്യാടിയിലേക്ക് കേന്ദ്രം മാറ്റാൻ ചില പാർട്ടിക്കാർ ആശ്യപ്പെട്ടെങ്കിലും സമരക്കാർ തയാറായിട്ടില്ല. തിങ്കളാഴ്ച ജ്വല്ലറി മാനേജറായിരുന്ന സബീൽ തൊടുവയിലിന്റെ വീടിനു മുന്നിലാണ് സമരം നടന്നത്. മുമ്പ് ഇയാളുടെ വീടിനു മുന്നിൽ സമരത്തിനെത്തിയവരുമായി ചിലർ വാക്കേറ്റം നടത്തിയിരുന്നു.
ഇന്നലെ കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ശക്തമായ പൊലീസ് കാവലുണ്ടായിരുന്നു. പ്രതിഷേധക്കാരെ കുറ്റ്യാടി പൊലീസ് ഗേറ്റിനു മുന്നിൽ തടഞ്ഞു. തുടർന്ന് റോഡിൽ സമരം ചെയ്തു. ആക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തലിലേക്ക് സി.പി.ഐ പ്രവർത്തകർ ഐക്യദാർഢ്യവുമായി എത്തി. ജില്ല എക്സിക്യൂട്ടിവ് അംഗം പി. സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി എം.പി. കുഞ്ഞിരാമൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വി. ബാലൻ കെ. ചന്ദ്രമോഹൻ, കെ.പി. രാജൻ, അനീഷ്, റസൽ പൊയിലങ്കി, കെ.സി. രാജൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.