ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: അന്വേഷണം തുടരുന്നു, മാറ്റിയ സ്വർണം കണ്ടെത്താൻ ശ്രമം
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറിയിൽ നിക്ഷേപിച്ച കോടികളും സ്വർണവും എങ്ങോട്ട് കടത്തിയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു. ശനിയാഴ്ച ജ്വല്ലറി തുറന്ന് പരിശോധിച്ചപ്പോൾ ഒന്നേമുക്കാൽ കിലോ സ്വർണവും ഏഴ് കിലോയോളം വെള്ളിയും തുച്ഛമായ സംഖ്യയുമാണ് ലഭിച്ചത്.
ജ്വല്ലറി പൂട്ടുമെന്ന് സൂചനകിട്ടിയ ചില നിക്ഷേപകർ സംഘമായെത്തി കുറെ സ്വർണം വാങ്ങിക്കൊണ്ടുപോയിരുന്നു. എന്നാൽ, ജ്വല്ലറി പൂട്ടിയശേഷം സ്ട്രോങ് റൂമിൽനിന്ന് ഉടമകൾ രഹസ്യമായി സ്വർണം കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ ആരോപണം. പൊലീസ് ജ്വല്ലറി മാനേജർ, കാഷ്യർ, ജീവനക്കാർ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താൽ കണ്ടെത്താനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, പൊലീസ് അത്തരമൊരുനടപടിയിലേക്ക് ഇനിയും നീങ്ങിയിട്ടില്ലെന്നാണ് പറയുന്നത്.
കടയിലെയും സി.സി.ടി.വി ദൃശ്യങ്ങളും സമീപ സ്ഥാപനങ്ങളിലെയും ഇതുവരെ പൊലീസിന് പരിശോധിക്കാനായില്ലെന്നും നിക്ഷേപകർക്ക് ആക്ഷപമുണ്ട്. കടയിലെ ലാപ്ടോപ്, കമ്പ്യൂട്ടർ, ത്രാസ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിനിടെ കുറച്ച് സ്വർണം പലസ്ഥലങ്ങളിൽ ഒളിപ്പിച്ചതായി പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു.
മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറിയിലെ തട്ടിപ്പിനിരയായ സാധാരണക്കാരുടെ നിക്ഷേപങ്ങൾ തിരിച്ചുനൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് റെയ്ഡിൽ കുറ്റ്യാടി ഷോപ്പിൽ നിന്നും ഒന്നേമുക്കാൽ കിലോ സ്വർണവും പയ്യോളി ഷോപ്പിൽ നാലര പവൻ സ്വർണവും മാത്രമാണ് കണ്ടെത്തിയത്. പ്രതികൾ ബോധപൂർവം സ്വർണം മറ്റു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടാവും. ജീവനക്കാരുടെ സഹായത്തോടെ മാത്രമെ സ്വർണം മാറ്റാൻ കഴിയൂ. ജീവനക്കാർ ഉൾപ്പെടെ എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ഷോപ്പിലെ ജീവനക്കാരും അതുപോലെ ആരോപണത്തിന് വിധേയരായ പാർട്ണർമാർ ഉൾപ്പെടെയുള്ളവരും നാട്ടിൽ തന്നെ ഉണ്ടായിട്ടും അവരെ ചോദ്യം ചെയ്യുന്നതിൽ പൊലീസ് അമാന്തം കാണിക്കുകയാണ്. ജ്വല്ലറിയിലെയും അടുത്ത കടകളിലെയും സി.സി ടി.വി കാമറകളും ഉടൻ പരിശോധിക്കണമെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചെയർമാൻ ടി.കെ. അജനാസ്, ജന.കൺവീനർ പി.സുബൈർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.