കുറ്റ്യാടി റെഡിമെയ്ഡ് കടയിലെ ഗുണ്ടാ ആക്രമണം: പ്രതികൾ ഒളിവിലെന്ന്
text_fieldsകുറ്റ്യാടി: വസ്ത്രവ്യാപാരക്കടയിൽ നടന്ന ഗുണ്ടാ ആക്രമണ കേസിലെ പ്രതികൾ അറസ്റ്റിലായിട്ടില്ലെന്നും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. വയനാട് റോഡിലെ ഡിപ്ലെ എന്ന കടയിലാണ് ചൊവ്വാഴ്ച രാത്രി 10ന് മാരകായുധങ്ങളുമായി എത്തിയ ആറംഗം സംഘം അക്രമം നടത്തിയത്. ജീവനക്കാരൻ അടുക്കത്ത് കെ.കെ. മുഹമ്മദ്, സാധനം വാങ്ങാനെത്തിയ നാഫി, നാജി, പരിസരത്തെ കടയിൽ നിൽക്കുകയായിരുന്ന തട്ടാന്റവിട അഷ്കർ (26) എന്നിവർക്കാണ് പരിക്കേറ്റത്.
അഷ്കറിന്റെ പരിക്ക് സാരമുള്ളതാണ്. കടയിൽ അക്രമം നടത്തി പിരിഞ്ഞുപോകുമ്പോഴാണ് റോഡിനു മറുപുറത്തുണ്ടായിരുന്ന ഇയാളെ ഇരുമ്പുവടികൊണ്ട് അടിക്കുന്നത്. എല്ലാവരും ആശുപത്രിയിൽ ചികിത്സ നേടി. മുഖംമൂടി അണിഞ്ഞെത്തിയ സംഘത്തിൽപെട്ട രണ്ടു പേർ കൊന്നുകളയുമെന്ന ആക്രോശവുമായി ജീവനക്കാരനെയാണ് ആദ്യം ആക്രമിക്കുന്നത്. കടയിൽ പാൻറ്സ് വാങ്ങാനെത്തിയ രണ്ട് യുവാക്കളെയും മർദിച്ചു. കടയിലെ മേശയും വസ്തുക്കളം അടിച്ചുതകർത്തു
അക്രമണങ്ങൾ കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഗുണ്ടാ സ്റ്റൈലിൽ തന്നെയാണ് ഇവരുടെ വേഷവിധാനങ്ങളും ആക്രോശങ്ങളും. സംഘത്തിൽ ഒരാൾ മുഖം മൂടി അണിഞ്ഞിരുന്നില്ലെന്നും അയാളെ തനിക്ക് കണ്ടാലറിയാമെന്നും ജീവനക്കാരൻ പറഞ്ഞു. താനോ കടയുടമയുമായോ പ്രശ്നങ്ങളില്ല എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, സംഭവത്തിന്റെ തലേന്ന് ടൗണിൽ ഇരുസംഘങ്ങൾ നടത്തിയ ഏറ്റുമുട്ടലിന്റെ പ്രതികാരമെന്നോണമാണ് റെഡിമെയ്ഡ് ഷോപ്പിലെ അക്രമമെന്നും ഷോപ്പിലെ ഒരു ജോലിക്കാരൻ തലേന്ന് നടന്ന ഏറ്റുമുട്ടലിൽ ഉണ്ടായിരുന്നതായി പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘത്തിൽ പെട്ട മറ്റൊരാളെന്ന് കരുതിയാണ് അഷ്കറിനെ ആക്രമിക്കുന്നത്.
കുറ്റ്യാടി സി.ഐ ടി. പി. ഫർഷാദിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു. നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുക്കത്ത് കള്ളാട് ഭാഗങ്ങളിലുള്ളവരാണ് പ്രതികളെന്ന് പറയുന്നു. സംഭവ ശേഷം ജാനകിക്കാട് പരിസരത്തുണ്ടായിരുന്നെന്നും രക്ഷപ്പെടുകയായിരുന്നെന്നും സി.ഐ പറഞ്ഞു.സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി നേതാക്കൾ കട സന്ദർശിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. ഒ.വി. ലതീഫ്, വി.ജി. ഗഫൂർ സി.എച്ച്. ശരീഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.