ഷോപ്പിങ് കോംപ്ലക്സ് തുറക്കാൻ ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി
text_fieldsകുറ്റ്യാടി: വർഷങ്ങൾക്ക് മുമ്പ് ലേലംചെയ്ത പുതിയ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ അടഞ്ഞു കിടക്കുന്ന കടമുറികൾ തുറക്കാനുള്ള ഗ്രാമപഞ്ചായത്ത് നടപടി പുരോഗമിക്കുന്നു. 2010-2015ലെ യു.ഡി.എഫ് ഭരണത്തിൽ ഉദ്ഘാടനംചെയ്ത പുതിയ ബസ്സ്റ്റാൻഡിലെ 24 കടമുറികൾ മുൻകൂറായി ലേലംചെയ്തിരുന്നു. സ്റ്റാൻഡിൽ ബസുകൾ കയറാനുള്ള സൗകര്യങ്ങളാവും മുമ്പേ ഭരണസമിതിയുടെ കാലവാധി തീർന്നു.ലക്ഷങ്ങൾ സെക്യൂരിറ്റി നിശ്ചയിച്ചും വലിയ വാടക കണക്കാക്കിയുമാണ് മുറികൾ ലേലത്തിൽ പോയത്. എന്നാൽ, വിവിധ കാരണങ്ങളാൽ കട തുറക്കാൻ കഴിഞ്ഞിെല്ലെന്ന് കാണിച്ച് ലേലംകൊണ്ടവർ കോടതിയെ സമീപിച്ചതോടെ പുതിയ ഭരണസമിതിയുടെ കാലത്തും കടകൾ തുറക്കുന്നത് നിലച്ചു.
നോട്ടു നിരോധനം മൂലമുണ്ടായ പ്രശ്നങ്ങളും ഇവർ ഉന്നയിച്ചു. വാടകയും സെക്യൂരിറ്റി തുകയും കുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഏതാനും പേരുടെ ഹരജി. കീഴ്കോടതി ഹരജി പരിഗണിച്ചില്ലെങ്കിലും ഹൈകോടതി ഇവർക്ക് അനുകൂലമായ നിലപാടായിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തും പ്രശ്നം തീർപ്പായില്ല. നിലവിലെ പഞ്ചായത്ത് ഭരണസമിതി 25 ശതമാനം വീതം വാടകയും സെക്യൂരിറ്റി തുകയും കുറക്കാൻ തീരുമാനിച്ചു.
ഇതോടെ കേസ് താൽക്കാലികമായി പിൻവലിക്കാൻ വാടകക്കാരും തീരുമാനിച്ചു. എന്നാൽ, വാടക കുറക്കുന്നതിന് സർക്കാറിന്റെ അംഗീകാരം ലഭിക്കണം. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ മുഖേന സർക്കാറിൽ അപേക്ഷ നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ് എന്നിവർ പറഞ്ഞു. താഴത്തെ നിലയിലെ മുറികളാണ് ലേലംചെയ്തത്. ഏതാണ്ട് ഇത്രയും എണ്ണം ഒന്നാം നിലയിലും ഉണ്ട്. അവ ലേലംചെയ്യുന്നതിനായി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി വരികയാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.