അറിവിലേക്ക് വാതിൽ തുറന്ന വിദ്യാലയത്തിന് അരനൂറ്റാണ്ട്
text_fieldsകുറ്റ്യാടി: മേഖലയിലെ ആദ്യ സർക്കാർ വിദ്യാലയമായ കുറ്റ്യാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ അമ്പതാം വാർഷികം ആഘോഷിക്കുന്നു. 1974 ആഗസ്റ്റ് 13ന് കൂറ്റ്യാടി ഇസ്ലാമിയ കോളജിലാണ് തുടക്കം. രണ്ട് ദിവസം കൊണ്ട് 108 കുട്ടികളാണ് എട്ടാം ക്ലാസിൽ ചേർന്നതെന്ന് ആദ്യ അധ്യാപകനും ടീച്ചർ ഇൻചാർജുമായ മൊട്ടേമ്മൽ പി.ബാലൻ പറഞ്ഞു. രണ്ടാഴ്ച ബാലൻ മാത്രമാണ് അധ്യാപകനായി ഉണ്ടായിരുന്നത്. തുടർന്നാണ് മറ്റുളളവരെത്തുന്നത്. ആ വർഷത്തെ ക്രിസ്മസ് അവധിക്കു ശേഷമാണ് ഇന്നുള്ള മൊതാക്കര കുന്നിലേക്ക് സ്കൂൾ മാറുന്നത്. പി.എം. ബാവാച്ചി ഹാജിയാണ് സ്കൂളിന് സൗജന്യമായി സ്ഥലം നൽകിയത്.
കുറ്റ്യാടി ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലത്തിനുപകരം വേറെ സ്ഥലമാണ് ബാവാച്ചി ഹാജി സ്കൂളിന് നൽകുന്നത്. മുത്തുകുമാര പിള്ളയാണ് ആദ്യ ഹെഡ്മാസ്റ്റർ. 1991ൽ ഹയർസെക്കൻഡറി അനുവദിച്ചു. ഇപ്പോൾ ഹൈസ്കൂളിലും ഹയർസെക്കൻഡറിയിലുമായി 2,500ലേറെ കുട്ടികളുണ്ട്. വടകര താലൂക്കിലെ ഏറ്റവും മികച്ച വിദ്യാലങ്ങളിലൊന്നാണിത്. ഈയിടെ അഞ്ച് കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇവിടെ പ്ലസ് ടു ബാച്ചുകൾ വർധിപ്പിക്കണമെന്ന മുറവിളി തുടങ്ങിയിട്ട് നാളുകളായി.
സുവർണ ജൂബിലി ആഘോഷ സ്വാഗതസംഘം രൂപവത്കരണ യോഗം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതിയംഗം പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.എം. അബ്ദുറഹ്മാൻ പ്രോജക്ട് അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ പി. ബാലൻ, ടി.കെ. മോഹൻദാസ്, പ്രിൻസിപ്പൽ അൻവർ ഷമീം, വി.വി. അനസ്, വി.കെ. റഫീഖ്, കെ. ചന്ദ്രമോഹൻ, വി.പി. മൊയ്തു, എൻ.കെ.സി.അമ്മദ്,ജമാൽ പാറക്കൽ, കെ.ഹാരിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ചെയർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് ചെയർ: ടി.കെ.മോഹൻദാസ്, പ്രിൻസിപ്പൽ സെഡ്.എ. അൻവർ ഷമീം(ജന.കൺ.), ഹെഡ്മാസ്റ്റർ പി.എം. അബ്ദുറഹ്മാൻ (ജോ.കൺ.) വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.